മത്സ്യോൽപ്പാദനത്തിന്റെ ഈറ്റില്ലമായ പൊയ്യ 'അഡാക്ക് ഫിഷ് ഫാം'
വാൽക്കണ്ണാടി
പ്രകൃതി സൗന്ദര്യത്തിന്റെയും മത്സ്യോൽപ്പാദനത്തിന്റെയും ഈറ്റില്ലമാണ് പൊയ്യയിലെ അഡാക്ക് ഫിഷ് ഫാം. മാള കൃഷ്ണൻകോട്ട പാതയിലുള്ള അതി മനോഹരമായ ജലാശയം ഒരു വ്യത്യസ്ത കാഴ്ച്ചയാണ്. മറുകര കാണാനാകാത്ത വിധം കായൽപ്പരപ്പു കൊണ്ട് വിസ്തൃതമായ അഡാക്ക് ഫിഷ് ഫാം അനേകം വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നു . ഈ കായലോര പ്രദേശങ്ങൾ മാളക്ക് കനിഞ്ഞു കിട്ടിയ വരദാനമാണെന്ന് പറയാം .
സംസ്‌ഥാനത്തെ ഏറ്റവും വലിയ ഒരു ജല ഫാം
കേരള സർക്കാർ ഫിഷറീസ് വകുപ്പിനു കീഴിൽ 1984 - ൽ ആരംഭിച്ച സ്ഥാപനമാണ് പൊയ്യ അഡാക്ക് ഫിഷ് ഫാം. യു എൻ ഡി പി സഹായത്തോടെയാണ് ഫാം നിർമ്മിച്ചത്. ഈ ഫാം 1993 മുതൽ ചെമ്മീൻ കൃഷി വികസനത്തിനായി മാതൃക ചെമ്മീൻ കൃഷി പരിശീലന കേന്ദ്രമാക്കി ഉയർത്തി. സംസ്‌ഥാനത്തെ ഏറ്റവും വലിയ ഒരു ജല ഫാം ആയ പൊയ്യ ഫാമിന് 49.24 ഹെക്ടർ മൊത്തം വിസ്തൃതിയും 43.2 ഹെക്ടർ ജല വിസ്തൃതിയുമാണുള്ളത്.
കുവൈറ്റ് സർക്കാരിന്റെ സഹായത്തോടെയാണ് ഈ ഫാം മാതൃക ചെമ്മീൻ പരിശീലന കേന്ദ്രമായി വികസിപ്പിക്കുന്നതിന് സംസ്‌ഥാന ഫിഷറീസ് വകുപ്പ് ഇത് ഏറ്റെടുത്ത് സമഗ്രമായ മത്സ്യ വളർത്തു കേന്ദ്രമായും വിപണന കേന്ദ്രമായും വളർത്തി. ആയതിന്റെ ഭാഗമായി 2011 -ൽ സെപ്റ്റംബർ ആറിന് മൽസ്യ കേരളം കരിമീൻ വർഷ പദ്ധതി ആരംഭിച്ചു. പൊയ്യ നെയ്തൽ പൈതൃക മൽസ്യ ഗ്രാമം 2012 ജൂൺ ഒൻപതിന് ഉദ്‌ഘാടനം നിർവ്വഹിക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രമുഖമായ മൽസ്യ കൃഷി ഇവിടെയാണ് നടക്കുന്നത് .
ആദ്യമായി ചെമ്മീൻ വിളവെടുപ്പ് 1993 -1994 ലാണ് നടന്നത്
ആരംഭകാലത്ത് മുഴുവനായും അർദ്ധ ഊർജ്ജിത ചെമ്മീൻ കൃഷിയാണ് നടപ്പാക്കിയിരുന്നതെങ്കിലും ചെമ്മീനുകളുടെ വൈറസ് രോഗ ബാധ മൂലം 1996 മുതൽ കൃഷി വൈവിധ്യവൽക്കരണ മാർഗങ്ങൾ അവലംബിച്ചു പോന്നു. ഇപ്പോൾ ഹാളിൽ വാണിജ്യ പ്രാധാന്യമുള്ള വിവിധ ഓരു ജല മൽസ്യ ഇനങ്ങൾ, വനാമി ചെമ്മീൻ, മൽസ്യ വിത്ത് എന്നിവ ഉൽപാദിപ്പിച്ചു വരുന്നു. ആദ്യമായി ചെമ്മീൻ വിളവെടുപ്പ് 1993 -1994 ലാണ് നടന്നത്. റെക്കോർഡ് ചെമ്മീൻ വിളവെടുത്ത് 1974 -1975 ലാണ് നടന്നത്. അക്കാലത്ത് എഴുപത് ടൺ ചെമ്മീൻ ഉൽപ്പാദിപ്പിച്ചതായി പറയുന്നു.
സംസ്‌ഥാന മത്സ്യമായ കരിമീനിന്റെ ഗുണമേന്മയുള്ള വിത്ത് വിവിധ സർക്കാർ പദ്ധതികൾക്കും സ്വകാര്യ കർഷകർക്കും നൽകുന്നതിനായി ഫാമിൽ കരിമീൻ വിത്ത് ഉൽപ്പാദനത്തിനായി സ്ഥാപിച്ചിട്ടുള്ള 96 ആർ സിസി ടാങ്കുകൾ അടങ്ങിയ ഹാച്ചറി യൂണിറ്റ് മുഖേന വിത്ത് ഉൽപ്പാദിപ്പിച്ച് വിപണനം നടത്തി വരുന്നു. പ്രതിവർഷം ലക്ഷം കരിമീൻ കുഞ്ഞുങ്ങളെയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ഞണ്ട് കൃഷിയും നടത്തി വരുന്നു.
പൂമീൻ ഫാമിൽ നിന്നും വളർത്തിയെടുക്കുന്ന പൂമീൻ ഫിംഗർ ലിംഗുകളെ ഹെക്ടറിന് പതിനായിരം എണ്ണം എന്ന നിരക്കിൽ വളർത്തു കുളങ്ങളിൽ നിക്ഷേപിച്ച് തീറ്റ നൽകി പരിപാലിക്കുന്നു. പത്ത് മാസം കൊണ്ട് ശരാശരി ഒരു കിലോഗ്രാം വളർച്ചയെത്തുന്ന പൂമീനുകളെ പിടിച്ചെടുത്ത് വിപണനം നടത്തുന്നു. 2023 -2024 -ൽ ഇരുപത് ടൺ മൽസ്യം വ്യാപനം നടത്തി. കഴിഞ്ഞ സാമ്പത്തിക വര്ഷം ഫാമിലെ പ്രവർത്തനച്ചെലവ് 74 ലക്ഷമായിരുന്നു. എന്നാൽ വിറ്റുവരവ് ഒരു കോടി ആറ് ലക്ഷം രൂപ ലഭിച്ചു.
ഉയർന്ന വിപണി മൂല്യമുള്ള കരിമീൻ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ വളർത്തു കുളത്തിൽ ഹെക്ടർ ഒന്നിന് ഇരുപതിനായിരം എന്ന കണക്കിൽ നിക്ഷേപിച്ച് വളർത്തുന്നു. പത്ത് മാസം കൊണ്ട് ശരാശരി ഇരുന്നൂറ് ഗ്രാം വളർച്ചയെത്തുന്ന മത്സ്യങ്ങളെ വിപണനം നടത്തുന്നു. ഫാമിൽ മൽസ്യ കൃഷിക്കായി 26 കുളങ്ങളാണുള്ളത്. വിദേശ രാജ്യങ്ങളിൽ വൻ വിപണി മൂല്യമുള്ള വനാമി ചെമ്മീൻ ഹെക്ടർ ഒന്നിന് നാലു ലക്ഷം എന്ന തോതിൽ നിക്ഷേപിച്ച് മൂന്ന് മുതൽ നാലു മാസം വരെ വളർത്തി വിളവെടുത്ത് വിപണനം നടത്തുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആറ് ടൺ വനാമി ചെമ്മീൻ ഉൽപ്പാദിപ്പിക്കാനായി.
ഇക്കോ ടൂറിസത്തിന്റെ ഏറ്റവും പൈതൃകപരമായ വിസ്മയക്കാഴ്ച
പൊയ്യ ഫാമിൽ ശാസ്ത്രീയ രീതിയിൽ വളർത്തിയെടുക്കുന്ന വിവിധയിനം മൽസ്യങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഒരു ഫ്രഷ് ഫിഷ് സെയിൽസ് കൗണ്ടർ എല്ലാ ദിവസവും പ്രവർത്തിക്കുന്നു. കർഷകർക്ക് ഫാമുകളിലെ ജലത്തിന്റെ ഗുണമേന്മ പരിശോധിച്ച് നൽകുന്നതിനായി പൊയ്യ ഫാമിൽ ഒരു അക്വലാബ് പ്രവർത്തിച്ചു വരുന്നു. പൊയ്യ ഫാമിൽ 32 ജീവനക്കാരാണ് ഉള്ളത്.
ടൂറിസ്റ്റുകളുടെ സൗകര്യാർത്ഥം വിവിധ വിപണനങ്ങൾ മൽസ്യവുമായി ബന്ധപ്പെറ്റട്ട് ഇവിടെയുണ്ട്. ഏറെ രുചികരമായ നാടാണ് ഭക്ഷണം ലഭിക്കുന്ന സർക്കാർ വക പൈതൃക ഹോട്ടൽ ഏവരെയും ആകർഷിക്കുന്നു. പ്രകൃതി സുന്ദരമായ പൊയ്യ അഡാക്ക് ഫിഷ് ഫാം ഇക്കോ ടൂറിസത്തിന്റെ ഏറ്റവും പൈതൃകപരമായ വിസ്മയക്കാഴ്ചയായി മാളയോട് ചേർന്ന് കിടക്കുന്നു. മൽസ്യം തിന്നണമെങ്കിൽ മാളയിൽ പോകണം എന്ന പഴഞ്ചൊല്ല് പണ്ടേ ഇവിടെയുള്ളതാണ് . അതിപ്പോഴും പ്രതിഫലിക്കുന്നു.
പൊയ്യ ഫാമിലെ അക്വ മ്യൂസിയത്തിനായി 2015 ൽ 2733 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 35 ലക്ഷം രൂപ ചെലവ് ചെയ്തു കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നിർമ്മാണം നടത്തിയത്. 2017 -2018 -ൽ അക്വ മ്യൂസിയത്തിനായി 19.50 ലക്ഷം രൂപ വി . ആർ . സുനിൽകുമാർ എം . എൽ . എ അനുവദിച്ച് ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതി പൂർത്തിയായിട്ടില്ല.
Leave A Comment