വാല്‍ക്കണ്ണാടി

അന്നമനടയിലുദയം കൊണ്ട പഞ്ചവാദ്യപഞ്ചാനനൻ

പഞ്ചവാദ്യ പഞ്ചാനനൻ 

വാദ്യകലാരംഗത്ത് അനുഗൃഹീതനായിരുന്ന അന്നമനട അച്യുതമാരാർ നിത്യസ്‌മരണീയനാണ് . പഞ്ചവാദ്യ പരിഷ്കർത്താക്കളിൽ പ്രഥമ സ്ഥാനീയനായിരുന്നു  അദ്ദേഹം .  പഞ്ചവാദ്യ പഞ്ചാനനെന്നാണ് അച്യുതമാരാരെ വിശേഷിപ്പിച്ചി ട്ടുള്ളത്. ക്ഷേത്രത്തിന് അകമ്പടിക്കുള്ള അനുഷ്ടാനമായി അവതരിപ്പിച്ചിരുന്ന പഞ്ചവാദ്യത്തെ പരിഷ്കരിച്ച് ശ്രവണ സുന്ദരവും വശ്യതയുമാർന്ന വാദ്യ വിശേഷമാക്കി പ്രസിദ്ധിയും പ്രചാരവും നേടിക്കൊടുത്തതിൽ അച്യുതമാരാരുടെ പങ്ക് പ്രശംസനീയമാണ് . 

പഞ്ചവാദ്യത്തിന്റെ ആധുനിക സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായിരുന്ന മാരാർ മരണം വരെ തിമിലയിൽ കൈപ്പട കൊണ്ട് പ്രണവാധിഷ്ഠിതമായ നാദവിസ്മയങ്ങളുടെ വർണ്ണപ്പൂക്കൾ വിരിയിച്ചു . മധ്യകാലത്ത് കൊട്ടിത്തുടങ്ങിയിരുന്ന പഞ്ചവാദ്യം വിളംബകാലത്തിൽ ആരംഭിക്കുവാനും മദ്ദളം കഴുത്തിൽ നിന്നും അരയിലേക്കിറക്കിക്കൊട്ടി പ്രയോഗ സാധ്യത വർദ്ധിപ്പിക്കാനും പരിശ്രമിച്ചവരിൽ പ്രധാനിയായിരുന്നു അന്നമനട അച്യുതമാരാർ.

സമയബന്ധിതമായ വാദ്യച്ചിട്ട

തന്റെ നൈപുണ്യവും ഭാവന സമ്പന്നതയും ഉപയോഗപ്പെടുത്തി വൈവിധ്യമാർന്ന ലയവിന്യാസങ്ങളുടെ കേൾവിക്കാരെ ഹൃദ്യമാക്കാനുള്ള തിരിച്ചറിവ് നൽകുകയായിരുന്നു അദ്ദേഹം . കൈപ്പടത്തിന്റെ ഗാംഭീര്യവും മാധുര്യവും കൊണ്ട് പഞ്ചവാദ്യത്തിന് സമയബന്ധിതമായ ചിട്ട  ഉണ്ടാക്കിയതും അച്യുതമാരാരുടെ നേട്ടങ്ങളിൽപ്പെടും . താളവട്ടങ്ങളുടെ സമയത്തെയും അതനുസരിച്ച് മാത്രകളെയും ഇരട്ടിപ്പിച്ച് പുതിയ മാതൃകകൾ സൃഷ്ടിക്കുകയും വിഭജനത്തിന്റെ ഇടവേളകൾ വർദ്ധിപ്പിക്കുകയും  ചെയ്തവരിൽ പ്രധാനിയായിരുന്നു മാരാർ . 

അന്നമനട കിഴക്കേമാരാത്ത്  കുട്ടൻ മാരാരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി 1901-ൽ അച്യുതമാരാർ പിറന്നു .  ബാല്യത്തിൽ തന്നെ കുട്ടൻമാരാരാരുടെ കീഴിൽ തിമിലയിൽ സാധകമാരംഭിച്ചു . അന്നമനട മഹാദേവ ക്ഷേത്രത്തിലെ നിത്യ ചടങ്ങുകൾക്ക് ലഭിച്ച പരിശീലനം തിമില വാദനത്തിൽ മികവു പുലർത്താൻ സഹായകമായി.

പൂരങ്ങൾ മറക്കാത്ത പ്രമാണി   

18ആം വയസ്സിൽ തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിൽ പങ്കാളിയായി .  അച്യുതന്റെ തിമില പ്രയോഗത്തിന്റെ ശ്രേഷ്ഠതയും മഹത്വവും ഏവരെയും ആകർഷിച്ചു .  തിരുവമ്പാടി വിഭാഗത്തിന്റെ പ്രമാണക്കാരനായി ദീർഘകാലം അന്നമനട അച്യുതമാരാർ വിരാജിച്ചു . കേരളത്തിലെ ഉത്സവങ്ങളിലും പൂരങ്ങളിലും വേളകളിലും ആറ് ദശാബ്ദത്തിലധികം ദേവ വാദ്യത്തിന്റെ പ്രതിഭ സമ്പന്നനായി നിറഞ്ഞു നിന്നു . 

തിമിലയിൽ കൈക്കരുത്തിന്റെ  കർമ്മചൈതന്യമായി ഓംകാരത്തിന്റെ നാദ ധ്വനികൾ മുഴക്കിയ അദ്ദേഹം അനേകം ബഹുമതികൾക്ക് ഉടമയായിരുന്നു. കേന്ദ്ര കേരള സംഗീയത നാടക അക്കാദമികളും കേരളം കലാമണ്ഡലവും പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും നൽകി ആദരിച്ചിട്ടുണ്ട് . കേരളം സംഗീത നാടക അക്കാദമി അംഗവുമായിരുന്നു .

പഞ്ചവാദ്യത്തിന്റെ പരിഷ്കർത്താവും പ്രഥമസ്ഥാനീയനുമായിരുന്ന അന്നമനട അച്യുതമാരാർ 1985 നവംബർ 25നാണ് അന്തരിച്ചത് .  വാദ്യകലാസ്വാദകർക്ക് എക്കാലവും അവിസ്മരനീയനാണ് അദ്ദേഹം

സുരേഷ് അന്നമനട

Leave A Comment