sports

പാറുൾ ചൗധരിയ്ക്ക് രണ്ടാം സ്വര്‍ണം

ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണം നേടി. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. 800 മീറ്ററിൽ മുഹമ്മദ് അഫ്സലിന് വെള്ളി മെഡൽ നേട്ടം.

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു.

സ്ക്വാഷിൽ നിന്ന് ഇന്ത്യ രണ്ട് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി. മിക്സഡ് ഡബിൾസിൽ സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സിങ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.

നേരത്തേ ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പാക്കിയിരുന്നു. തായ്‌ലന്‍ഡിന്റെ ബൈസണ്‍ മനീകോണിനെ കീഴടക്കി വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ഫൈനലിലെത്തി. ഇതോടൊപ്പം പാരിസ് ഒളിമ്പിക്‌സിനും താരം യോഗ്യത നേടി.

വനിതകളുടെ 54 കി.ഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍ വെങ്കലം നേടി. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാങ് യുവാനോട് പരാജയപ്പെട്ടതോടെ പ്രീതിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.

അതേസമയം 10-ാം ദിനമായ ചൊവ്വാഴ്ച പുരുഷന്‍മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സിലാണ് ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. അര്‍ജുന്‍ സിങ് - സുനില്‍ സിങ് സലാം സഖ്യം വെങ്കലം നേടി. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഫിനിഷ്.

അമ്പെയ്ത്തില്‍ ഇന്ത്യ മൂന്ന് മെഡലുകള്‍ ഉറപ്പിച്ചു. പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ ഓജസ് പ്രവീണും അഭിഷേക് വര്‍മയും ഫൈനലിലെത്തി. ഇതോടെ ഇന്ത്യ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉറപ്പിച്ചു. വനിതകളില്‍ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. സെമിയില്‍ ഇന്ത്യന്‍ താരം അതിഥി സ്വാമിയെ പരാജയപ്പെടുത്തിയാണ് ജ്യോതിയുടെ ഫൈനല്‍ പ്രവേശനം. അതിഥി ഇനി വെങ്കലത്തിനായി മത്സരിക്കും.

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും പ്രീക്വാര്‍ട്ടറില്‍ കടന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുന്‍കബാത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-9, 21-12) കീഴടക്കിയാണ് പ്രണോയ് പ്രീക്വാര്‍ട്ടറരില്‍ കടന്നത്. സിന്ധു തായ്വാന്‍ താരം വി ചി ഹൂവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-10, 21-15) തകര്‍ത്താണ് സിന്ധുവും പ്രീക്വാര്‍ട്ടറിലെത്തിയത്.

നിലവില്‍ 14 സ്വര്‍ണവും 24 വെള്ളിയും 26 വെങ്കലുമായി 64 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ.

വനിതകളുടെ ഹോക്കിയില്‍ പൂള്‍ എ മത്സരത്തില്‍ ഹോങ് കോങ്ങിനെ എതിരില്ലാത്ത 13 ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സെമിയില്‍ കടന്നു.

Leave A Comment