ബിസിനസ്

രാജ്യത്ത് എട്ടാമതെത്തിയ ചരിത്രനേട്ടം; കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച് കേരളവിഷൻ ബ്രോഡ്ബാൻഡ്

കൊച്ചി: രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ മികച്ച മുന്നേറ്റം നടത്തിയ കേരളവിഷന്‍ ബ്രോഡ്ബാന്റിന്റെ ആഘോഷ പരിപാടി കൊച്ചി പനമ്പള്ളിനഗര്‍ സിഒഎ ഭവനില്‍ നടന്നു. കെസിസിഎല്‍ ഭാരവാഹികളും സിഒഎ ഡയറക്ട് ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു. ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റ് കമ്പനികളോട് മത്സരിച്ച് എട്ടാം സ്ഥാനമെന്ന ചരിത്രനേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് കേരളവിഷന്‍ ബ്രോഡ്ബാന്റ്. ആഘോഷ പരിപാടി സിഒഎ ഭവനില്‍ കേക്ക് മുറിച്ച് ലളിതമായ ചടങ്ങുകളോടെ നടന്നു. കഴിഞ്ഞ തവണ 10- ാം സ്ഥാനത്തായിരുന്ന കേരളവിഷന്‍ ഇത്തവണ എട്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്ലാനുകളും കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണവുമാണ് കേരളവിഷന്റെ നേട്ടത്തിനു പിന്നിലെന്ന് കെസിസിഎല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ പറഞ്ഞു. 

ഇന്റര്‍നെറ്റ് സേവന മേഖലയില്‍ രാജ്യത്തെ 48% കൈകാര്യം ചെയ്യുന്ന റിലയന്‍സ് ജിയോ കമ്പനിക്ക് കേരളത്തില്‍ 20% ല്‍ താഴെ മാത്രമാണ് വിഹിതം. അംബാനിയുടെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് മുകളില്‍ കേരളവിഷന്റെ ജനകീയ ബദലിന്  വിജയം നേടാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കേരളവിഷനെ അതിവേഗം ഉപഭോക്താക്കള്‍ സ്വീകരിച്ചു എന്നതിനു തെളിവാണിതെന്നും കേരളവിഷന്‍ ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ പത്മകുമാര്‍ പറഞ്ഞു.

കോര്‍പ്പറേറ്റ് കമ്പനികളോട് മത്സരിച്ചാണ് കേരളവിഷന്‍ എന്ന ജനകീയ സംരംഭം അഭിമാന നേട്ടം സ്വായത്തമാക്കിയത്.അതിവേഗ ഇന്റര്‍നെറ്റ് അനുഭവം സാധ്യമാക്കുന്ന കേരളവിഷന്‍ ബ്രോഡ് ബാന്‍ഡ് അനുദിനം വളരുകയാണെന്നും അഭിമാനമുണ്ടെന്നും കെസിസിഎല്‍ എം.ഡി സുരേഷ്‌കുമാര്‍ പറഞ്ഞു.

ചടങ്ങില്‍ സിഒഎ വൈസ് പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സിഒഎ ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കേരളവിഷന്‍ ചാനല്‍ എംഡി പ്രജീഷ് അച്ചാണ്ടി,  സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കെസിസിഎല്‍ ഡയറക്ട് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment