ക്രൈം

പോലീസ് ചമഞ്ഞ് ചീട്ടുകളി സംഘത്തിൽനിന്ന്‍ ആറുലക്ഷം രൂപ തട്ടിയെടുത്തവര്‍ പിടിയില്‍

പുതുക്കാട്: പോലീസ് ചമഞ്ഞ് ചീട്ടുകളി സംഘത്തിൽനിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ.  സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പൂങ്കുന്നത്ത് വാടകക്ക് താമസിക്കുന്ന പൊന്നാനി പേരൂർസ്വദേശി കണ്ടശ്ശാംകടവ് വീട്ടിൽ പ്രദീപ്, ചെറുതുരുത്തി ആറ്റൂർ സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സുബൈർ, തൃക്കൂർ ആലേങ്ങാട്  സ്വദേശി കണിയാംപറമ്പിൽ സനീഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾ എല്ലാവരും ബസ് ഡ്രൈവർമാരാണ്.

കഴിഞ്ഞ ഏഴിന് രാത്രി ആലേങ്ങാട് വച്ചായിരുന്നു സംഭവം. കാറിലെത്തിയ സംഘം ചീട്ടുകളി കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം തടയുകയും പോലീസാണെന്ന് പറഞ്ഞ് ആറുലക്ഷത്തോളം രൂപ കൈക്കലാക്കുകയുമായിരുന്നു. ചീട്ടുകളി സംഘത്തോട് സ്റ്റേഷനിലേക്ക് വരാൻ നിർദേശിച്ച സംഘം കാറുമായി കടക്കുകയായിരുന്നു.

പോലീസെന്ന് വിശ്വസിച്ചാണ് പണമേൽപിച്ചതെങ്കിലും തുടർന്നുളള പെരുമാറ്റത്തിൽ സംശയം തോന്നിയ സംഘം പുതുക്കാട് പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
സംഭവ സ്ഥലത്തെത്തിയ പുതുക്കാട് പോലീസും ചാലക്കുടി ഡി.വൈ.എസ്.പി. യുടെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ പരിശോധനയിൽ കാറിൻ്റെ നമ്പർ കൃത്രിമമാണെന്ന് മനസ്സിലായി.
തുടർന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
തൃശ്ശൂരിലെത്തിയ സംഘം തട്ടിയെടുത്ത തുക പങ്കുവച്ചശേഷം പുഴയ്ക്കൽ ഭാഗത്ത് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു. തുടർന്ന് ഊട്ടിയിലേക്ക് കടന്നു. തിരികെ നാട്ടിലെത്തിയ ശേഷം ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെറുതുരുത്തിയിൽവെച്ച് പ്രദീപിനെയും സുബൈറിനെയും പിടികൂടി. പിടിയിലായവരിൽ നിന്നും ലഭിച്ച സൂചനകളെ തുടർന്ന് സനീഷിനെയും പിടികൂടി. 

പിടിയിലായവരെ തെളിവെടുപ്പിനു ശേഷം ചൊവ്വാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി. പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് പോലീസ് എസ്.എച്ച്.ഒ.  സുനിൽദാസ്, എസ്.ഐ. സൂരജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. വിശ്വനാഥൻ എന്നിവരും ഉണ്ടായിരുന്നു.

Leave A Comment