ബാർ ജീവനക്കാരന് മാനേജറുടെയും സംഘത്തിന്റെയും ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: കടുത്തുരുത്തിയിൽ ബാർ ജീവനക്കാരനെ, ബാർ മാനേജറും സംഘവും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മോഷണക്കുറ്റം ആരോപിച്ച് മൂന്നാഴ്ച മുമ്പ് നടന്ന മർദ്ദനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന സോഡിയാക് ബാറിലെ ജീവനക്കാരൻ ആയിരുന്ന കായംകുളം സ്വദേശി അനീഷിനെയാണ് ബാർ മാനേജറും സംഘവും മർദ്ദിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. ജനറൽ മാനേജർ ബാബു ജോസഫിന്റെ നേതൃത്വത്തിൽ മൂന്നാഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഇന്നലെയാണ്. മർദ്ദനമേറ്റ് അവശനായി വീണ അനീഷിനെ മുഖത്ത് തൊഴിക്കുന്നതും ശരീരത്തിൽ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
മോഷ്ടിച്ച പണം കണ്ടെത്താൻ വസ്ത്രമഴിച്ച് പരിശോധിക്കാനും ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് കടുത്തുരുത്തി പൊലീസ് അനീഷിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പരാതി നൽകുന്ന കാര്യത്തിൽ അനുകൂല പ്രതികരണം അനീഷിൽ നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചെന്നും കടുത്തുരുത്തി എസ്.എച്ച്.ഒ പറഞ്ഞു. മർദ്ദനത്തിന് നേതൃത്വം നൽകിയ മാനേജർ ബാബു ജോസഫും ബാറിൽ നിന്ന് ജോലി രാജി വെച്ച് പോയി എന്നാണ് പൊലീസ് ഭാഷ്യം.
Leave A Comment