ക്രൈം

മണ്ണുത്തിയിൽ ബസ്സിൽ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 തൃശൂർ: മണ്ണുത്തിയിൽ ബസ്സിൽ കടത്തിയ  12 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പുന്നയൂർക്കുളം കല്ലാറ്റിൽ  ഷമിൽ ഷെരീഫ് ആണ് അറസ്റ്റിലായത്. തൃശൂർ എക്സൈസ്  എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡും  എൻഎച്ച് പെട്രോളിങ് സംഘവും  ചേർന്ന്  മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനയിലാണ്  കഞ്ചാവ്  പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ ആയി തിരിച്ചായിരുന്നു വാഹന പരിശോധന നടത്തിയിരുന്നത്. 

ആന്ധ്രയിലെ കഞ്ചാവ് മൊത്ത വിതരണക്കാരിൽ നിന്നും  കഞ്ചാവ് വാങ്ങി ആലുവയിലേക്ക് കടത്തുന്നതിനിടയിലാണ് എക്സൈസ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് ശേഖരിക്കുന്ന പ്രതി  കഞ്ചാവ്  ചെറിയ പൊതികളിലാക്കി ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ആണ് വിതരണം ചെയ്തിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് 1200 ഓളം ചെറുപൊതികളാക്കി വിൽക്കാനായിരുന്നു പദ്ധതി. ആന്ധ്രയിൽ നിന്നും 50,000 രൂപ കൊടുത്ത്  പ്രതി വാങ്ങിയ  കഞ്ചാവ് ചെറു പൊതികളാക്കി വിൽക്കുമ്പോൾ 7,50,000 രൂപ ലഭിക്കുമെന്ന് പ്രതി എക്സൈസ് നോട് പറഞ്ഞു. 

ആലുവായിലും പെരുമ്പാവൂരിലും ആയി ഒരു ദിവസം നൂറോളം ചെറു പൊതികൾ വിൽപ്പന നടത്താറുണ്ടെന്നും പ്രതി സമ്മതിച്ചു.  എക്സൈസ് ഇൻസ്പെക്ടർമാരായ ശങ്കർ പ്രസാദ്, സുദർശനകുമാർ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി .ജി മോഹനൻ, കെ. എം  സജീവ്, പ്രിവന്റീവ് ഓഫീസർമാരായ എം. എം മനോജ് കുമാർ, വി .ആർ ജോർജ്, എം .കെ കൃഷ്ണപ്രസാദ്, എം. എസ് സുധീർകുമാർ, ടി .ആർ സുനിൽ, പി .ബി സിജോമോൻ, വി. വി കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

Leave A Comment