കവര്‍ച്ച കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
മതിലകം: മതിലകം സ്വദേശിയായ കവര്‍ച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി വട്ടപ്പറമ്പില്‍ അലി അഷ്‌ക്കര്‍ (26) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടികൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.
ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. കവര്‍ച്ചാ കേസിലെ പ്രതികളായ കയ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2022 ല്‍ വാടാനപ്പിളളിയില്‍ അടയ്ക്കാകടയില്‍ നിന്നും 115 കിലോ അടക്ക മോഷണം നടത്തിയ കേസിലും, 2022ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷണം ചെയ്ത കേസിലും, തൃശൂര്‍ ശക്തന്‍ നഗറില്‍ വെച്ച് മധ്യവയസ്‌ക്കനെ ആക്രമിച്ച് 2 പവന്റെ സ്വര്‍ണ്ണാഭരണം കവര്‍ച്ച് ചെയ്ത കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ.രമ്യാ കാര്‍ത്തികേയന്‍, എ.എസ്.ഐ മാരായ വിന്‍സി, തോമസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Leave A Comment