കേരളം

അവസാന നിമിഷവും സർക്കാരിന് ഗവർണറുടെ വെട്ട്

തിരുവനന്തപുരം: സർക്കാരിന് ഗവർണറുടെ വെട്ട്ലോക്ഭവനിൽ നിന്നും ഉണ്ടായിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം, 2 പിഎസ്‌സി അംഗങ്ങൾ, വിവരാവകാശ കമ്മീഷൻ അംഗം, തദ്ദേശ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള നിയമന ശിപാർശകൾ ഗവർണർ തടഞ്ഞുവച്ചു.

കാലാവധി തീരാറാകുന്ന തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ നടത്തിയ നിയമന ശിപാർശകളാണ് ലോക്ഭവൻ തടഞ്ഞുവച്ചത്. രണ്ട് പിഎസ്‌സി അംഗങ്ങളുടെ നിയമനവും ഇതിൽപ്പെടുന്നു. കോൺഗ്രസിന്‍റെ ഐ. ശിഹാബുദ്ദീൻ, സിപിഐയുടെ അജയകുമാർ എന്നീ പേരുകളാണ് ഗവർണർക്ക് അയച്ചിരുന്നത്.

എന്നാൽ പൊതുപ്രവർത്തകരെ പിഎസ്‌സി അംഗമാകരുത് എന്ന് ആവശ്യം മുൻനിർത്തി ചില സംഘടനകൾ ഈ വിഷയത്തിൽ ഗവർണർ സമീപിച്ചിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി വിരമിച്ച ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിന് നിയമിക്കാനുള്ള ശിപാർശയും ഗവർണർ തടഞ്ഞുവച്ചു .ഉപ ലോകായുക്തയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റീസ് ബാബു മാത്യു ജോസഫിനെ ഓംബുഡ്സ്മാനായി സ്വീകരിക്കരുതെന്ന് ഗവർണർക്ക് നിയമ ഉപദേശം ലഭിച്ചിരുന്നു.

വിവരാകാശ കമ്മീഷനിലേക്ക് മുൻ ഡിവൈഎഫ്ഐ നേതാവ് എം. ഹരിലാലിനെ നിയമിക്കാനുള്ള ശിപാർശയും സർക്കാർ തടഞ്ഞുവച്ചു. പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെയാണ് ഈ ശിപാർശ നൽകിയെന്ന കാരണത്താലാണിത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മെമ്പറായി നിയമകാര്യ സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ അംഗീകരിച്ചിട്ടില്ല .ഹൈക്കോടതിയുമായി ആലോചിച്ചില്ല എന്ന കാരണത്താലാണ് ഈ നിയമനം ഗവർണർ അംഗീകരിക്കാതിരുന്നത്.

ഈ നടപടിയോടെ നിയമനങ്ങൾ എല്ലാം നിർത്തിവച്ചതിനാൽ അടുത്ത സർക്കാരിന് പുതുതായി ഈ ഒഴിവുകളിൽ നിയമനം നടത്താൻ ആകും. എന്നാൽ അടുത്ത സർക്കാർ ഇപ്പോഴത്തെ ഭരണത്തുടർച്ചയാണെങ്കിൽ ഇതേ പേരുകൾ തന്നെ സർക്കാർ നിർദ്ദേശിക്കാൻ ഇടയുണ്ട്.

അങ്ങനെ വന്നാൽ ഗവർണർ എന്ത് തീരുമാനം എടുക്കും എന്നുള്ളത് നിയമ പ്രശ്നങ്ങളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും കടക്കാൻ സാധ്യതയുണ്ട്.

Leave A Comment