മലപ്പുറം സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിൽ അറസ്റ്റ്: ₹4.23 ലക്ഷം തട്ടിയെടുത്തു
കൊരട്ടി: വ്യാജ വെബ്സൈറ്റ് വഴി വിവിധ ഉത്പന്നങ്ങൾക്ക് റേറ്റിംഗ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിശ്വസിപ്പിച്ച് കല്ലൂർ മാമ്പ്ര സ്വദേശിയായ ചന്ത്രത്തിൽ വീട്ടിൽ ജിഹാബ് (33) എന്നയാളിൽ നിന്ന് ₹4,23,953 തട്ടിയെടുത്ത കേസിൽ കൊല്ലം ഞാറക്കൽ സ്വദേശിയായ അലീന മൻസിൽ വീട്ടിൽ അമീർ (26) എന്നയാളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദേശപ്രകാരമാണ് കൊരട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ നയിച്ച അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ്.
ജിഹാബിനെ പ്രതികൾ ടെലഗ്രാം വഴി സമീപിച്ചാണ് തട്ടിപ്പിന് തുടക്കം. ‘Global e’ എന്ന വ്യാജ വെബ്സൈറ്റ് വഴി ഉത്പന്നങ്ങൾക്ക് റേറ്റിംഗ് ചെയ്താൽ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച പ്രതികൾ, 2025 ഏപ്രിൽ 4ന് ജിഹാബിന് ലിങ്ക് അയച്ച് റേറ്റിംഗ് ചെയ്യിപ്പിച്ചു. തുടക്കത്തിൽ ₹1000 ലഭിച്ചതോടെ വിശ്വാസം പിടിപ്പിച്ചു. പിന്നീട് Target അച്ചീവ് ചെയ്യണമെന്ന് പറഞ്ഞ് വീണ്ടും പണമിടപാട് ആവശ്യപ്പെട്ട പ്രതികൾക്ക്, ജിഹാബ് പല ഘട്ടങ്ങളിലായി ₹4,23,953 വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തു.
പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ Target പൂർത്തിയാക്കാതെ പണം ലഭിക്കില്ലെന്ന് അറിയിച്ചതോടെ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട ജിഹാബ് NCRP പോർട്ടലിൽ പരാതി നൽകി. തുടർനടപടിയായി ഏപ്രിൽ 18ന് കൊരട്ടി പൊലീസിൽ FIR രജിസ്റ്റർ ചെയ്യപ്പെട്ടു.
മലപ്പുറം സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ ഐ.സി. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിൽ ജിഹാബിന്റെ തുകയിൽ നിന്നുള്ള ₹1,23,000 അമീറിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തുകയും വിവരമറിയിച്ചതോടെയാണ് അറസ്റ്റ്. പിന്നീട് അമീറിനെ മലപ്പുറത്ത് നിന്ന് കൊരട്ടിയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു.
അമീറിൽ നിന്ന് 26 ബാങ്ക് പാസ്‌ബുക്കുകൾ, എടിഎം കാർഡുകൾ, 7 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിൽ ഇയാൾ മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി തട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നു.
അമീറെ ഏപ്രിൽ 19ന് കോടതിയിൽ ഹാജരാക്കിയതിൽ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ അമൃതരംഗൻ, എസ്‌ഐ റെജിമോൻ, എ.എസ്.ഐ ഷീബ, എസ്.സി.പി.ഒ.മാരായ അബിലാഷ് രാജൻ, ശ്രീനാഥ്, പ്രവീൺ, സജീഷ് കുമാർ, ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നയിക്കുന്നത്.
Leave A Comment