ക്രൈം

ഓൺലൈൻ മാട്രിമോണി തട്ടിപ്പ്; മാള സ്വദേശിക്ക് നഷ്ടപ്പെട്ട 1.7 ലക്ഷം രൂപ വീണ്ടെടുത്തു നൽകി

തൃശ്ശൂർ: ഓൺലൈൻ മാട്രിമോണി വെബ്‌സൈറ്റ് മുഖേന  ഉണ്ടായ തട്ടിപ്പിൽ തൃശ്ശൂർ ജില്ലയിലെ മാള സ്വദേശിക്ക്  നഷ്ടപ്പെട്ട 1.70 ലക്ഷം രൂപയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് നടത്തിയ വിപുലമായ അന്വേഷണത്തിൽ തിരികെ ലഭിച്ചത്.

പരാതിക്കാരൻ പുനർവിവാഹത്തിന് ഓൺലൈൻ ക്രിസ്ത്യൻ മാട്രിമോണി പ്ലാറ്റ്‌ഫോമിലൂടെ ഒരു യുവതിയുമായി പരിചയപ്പെടുകയായിരുന്നു. പിന്നീട് യുവതി തന്റെ അമ്മയുടെ ചികിത്സക്കായി വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും, കടങ്ങൾ തീരുന്നതിന് വേണ്ടിയുള്ള സഹായം നൽകിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്നും വാഗ്ദാനം ചെയ്തു. വിശ്വാസത്തോടെ, യുഎഇയിൽ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരൻ, UAE Federal Exchange വഴി പല ഘട്ടങ്ങളിലായി ആകെ ₹1,70,000 യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറി. എന്നാൽ പണം അയച്ചതിനു ശേഷം യുവതി ഫോൺ വിളികൾക്കോ സന്ദേശങ്ങൾക്കോ മറുപടി നൽകാതിരിക്കുകയും, സംശയം തോന്നിയ പരാതിക്കാരൻ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.  തുടർന്ന് സൈബർ പോലീസ്  സ്വീകരിച്ച സമയബന്ധിതമായ നടപടികളിലൂടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പരാതിക്കാരന് നഷ്ടപ്പെട്ട മുഴുവൻ പണവും തിരികെ ലഭിച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ  തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുജിത്ത്.പി.എസ് ,  ജി.എ.എസ്.ഐ അനൂപ് കുമാർ, ടെലികമ്മ്യൂണ്ക്കേഷൻ എസ്.സി.പി.ഒ രമേശ് ചന്ദ്രൻ, സി.പി.ഒ സച്ചിൻ എന്നിവരാണ്  അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Leave A Comment