ക്രൈം

വ്യാജ ചികിത്സയും ആഭിചാരക്രിയയും; 'ഉസ്താദി'ന്റെ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്

കാസർകോട്: മതവിശ്വാസത്തെ ചൂഷണം ചെയ്ത് വ്യാജ ചികിത്സയും ആഭിചാരക്രിയകളും നടത്തിയെന്ന പരാതിയിൽ ചെർക്കളയിലെ സ്വകാര്യ കേന്ദ്രത്തിൽ പോലീസും ആരോഗ്യവകുപ്പും സംയുക്തമായി മിന്നൽ പരിശോധന നടത്തി. പാടി സ്വദേശിയായ ഉസ്താദ് ശിഹാബുദ്ദീൻ ഫൈസിയുടെ 'ദാറുൽ അമാൻ' എന്ന വീട്ടിലായിരുന്നു ശനിയാഴ്ച രാവിലെ മുതൽ റെയ്ഡ്.

വിദ്യാനഗർ പോലീസും ഡ്രഗ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ, മന്ത്രിച്ചോതാൻ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും ബോട്ടിലുകളും, ചികിത്സയ്‌ക്കെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറികൾ, പണമിടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്യൂആർ കോഡ് ബോർഡുകൾ, സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവ പിടിച്ചെടുത്തു.

രോഗശാന്തിക്കായി എത്തുന്നവർക്ക് മന്ത്രിച്ച വെള്ളവും തേനും നൽകിയിരുന്നതായും മുട്ടകളിൽ അറബി ലിപികൾ എഴുതി നൽകുന്ന ആഭിചാര രീതികളും നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രീയമല്ലെന്നും വിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്നും ചോദ്യം ചെയ്യലിൽ ഉസ്താദ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത രേഖകളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും പരിശോധന പൂർത്തിയായ ശേഷം തുടർനിയമനടപടികൾ സ്വീകരിക്കുമെന്നും വിദ്യാനഗർ പൊലീസ് അറിയിച്ചു.

Leave A Comment