ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; യുവതി അറസ്റ്റിൽ
പുതുക്കാട്: ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ. മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30)യെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡീനസിന്റെ ഭാര്യയാണ് അറസ്റ്റിലായ ജിസ്മി. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കാൻ ഡീനസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി മേയ് 8-ന് രാത്രി ജിമ്മിന് സമീപം ഒളിച്ചിരുന്ന സിറിൾ, വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ജിസ്മിയുടെ ഹർജി തള്ളിയതിനെ തുടർന്ന്, കഴിഞ്ഞ ദിവസം പ്രതി പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ജിസ്മിയെ റിമാൻഡ് ചെയ്തു.
Leave A Comment