മാളയിൽ ആക്രമണവും നാശനഷ്ടവും: യുവാവ് അറസ്റ്റിൽ
മാള: ഫുഡ് ഡെലിവറി ബോയിയെ അകാരണമായി ചീത്തവിളിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് പരാതിയുടെ വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത കേസിൽ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു.
മാള വടമ വില്ലേജ് മാരേക്കാട് സ്വദേശി കാടാംപറമ്പത്ത് വീട്ടിൽ ജിൻഷാദ് (30) ആണ് അറസ്റ്റിലായത്. ഇതേ പ്രദേശത്തെ അമൽഷാ (29)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ജൂൺ 27-ന് പുലർച്ചെ ഒരു മണിയോടെ അമൽഷായുടെ വീട്ടിലെത്തിയ ഫുഡ് ഡെലിവറി ജീവനക്കാരനെ പ്രതി റോഡിൽവെച്ച് അകാരണമായി ചീത്തവിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അമൽഷായെ പ്രതി തടഞ്ഞുനിർത്തി മുഖത്ത് ശക്തമായി ഇടിച്ചതിനെ തുടർന്ന് മുൻനിരയിലെ ഒരു പല്ല് പൊട്ടിയതായി പരാതിയിൽ പറയുന്നു. പ്രതി പരാതിക്കാരന്റെ ബന്ധുവാണെന്നും പോലീസ് അറിയിച്ചു.
ഈ സംഭവത്തിൽ പരാതി നൽകാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തിൽ അന്നേ ദിവസം വൈകിട്ട് മൂന്നുമണിയോടെ പ്രതി പരാതിക്കാരന്റെ വീട്ടിലെ സിറ്റൗട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരനെയും അമ്മയെയും അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന സ്ക്രൂഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ച് സിറ്റൗട്ടിലെയും വീടിന്റെ മുൻവശത്തെയും ജനൽച്ചില്ലുകൾ അടിച്ചുതകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മാള പോലീസ് സ്റ്റേഷനിലെ എസ്.ഐ. ബാബു, ഗ്രേഡ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ബാഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ (ഗ്രേഡ്) ഏയ്ഞ്ചൽ, വിനോദ് കെ.എഫ്., സിവിൽ പോലീസ് ഓഫീസർമാരായ സാബിർ, ജിനേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment