കൊരട്ടിയിൽ വയോധികനെ ആക്രമിച്ച് കാർ തകർത്ത പ്രതി പിടിയിൽ
കൊരട്ടി: വീട്ടിൽ അതിക്രമിച്ച് കയറി വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ തല്ലിത്തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ പ്രതിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം പാറക്കടവ് വില്ലേജ് കോടിശ്ശേരി വട്ടപ്പറമ്പ് സ്വദേശി മാനംതാനത്ത് വീട്ടിൽ സജീവ് (31) ആണ് അറസ്റ്റിലായത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച (ജൂൺ 28) വൈകിട്ട് 3.15 ഓടെയാണ് സംഭവം. കൊരട്ടി കിഴക്കുമുറി വില്ലേജ് പൊങ്ങം സ്വദേശി തെക്കിനിയത്ത് വീട്ടിൽ സിബി തോമസിനോട് (41) ഉണ്ടായിരുന്ന മുൻവൈരാഗ്യത്തിന്റെ പേരിലാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ആക്രമണത്തിൽ ഏകദേശം 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
സംഭവം തടയാൻ ശ്രമിച്ച പരാതിക്കാരന്റെ പിതാവ് തോമസ് (73) എന്നയാളെ പ്രതി കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് അറിയിച്ചു.
കൊരട്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹബീബുള്ള എ., ഗ്രേഡ് സബ് ഇൻസ്പെക്ടർ സുമേഷ്, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജിതിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment