ആളൊഴിഞ്ഞ വീട്ടിൽ കവർച്ച; 19കാരൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പുത്തൻപള്ളി ബീച്ച് റോഡിലെ ആളൊഴിഞ്ഞ വീട്ടിൽ അതിക്രമിച്ചുകയറി ലക്ഷങ്ങൾ വിലവരുന്ന മോട്ടറും കാർഷിക ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ 19കാരനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
എസ്.എൻ. പുരം സ്വദേശി പടിയത്ത് വീട്ടിൽ അബിജിത്ത് (19) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മെയ് 15-നും 23-നും ഇടയിലുള്ള ദിവസങ്ങളിലൊന്നിലാണ് മോഷണം നടന്നത്. പരാതിക്കാരന്റെ ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ട് എച്ച്.പി. മോട്ടർ, പശുവിനെ കറക്കാൻ ഉപയോഗിക്കുന്ന മെഷീൻ, കാർഷിക വിളകൾക്ക് മരുന്ന് തളിക്കുന്ന മെഷീൻ എന്നിവയാണ് മോഷണം പോയത്.
പരാതിയെ തുടർന്ന് കേസെടുത്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
അബിജിത്ത് നേരത്തെയും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസിന്റെ കൈകാണിക്കൽ അവഗണിച്ച് അപകടകരമായി സ്കൂട്ടർ ഓടിച്ച കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
എസ്.ഐ. സൗമ്യ, എസ്.ഐ. അറാഫത്ത്, സി.പി.ഒമാരായ ശ്യാംകുമാർ, ഷെമീർ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Leave A Comment