പണയസ്വർണം വാങ്ങാമെന്ന് വിശ്വസിപ്പിച്ച് ₹3.21 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
ചാലക്കുടി: ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ചിരിക്കുന്ന സ്വർണം എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ₹3.21 ലക്ഷം തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി ചതിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരൻ അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ ഇല്യാസ് (40) ആണ് ചാലക്കുടി പൊലീസിന്റെ പിടിയിലായത്.
2026 മാർച്ച് 11-ന് ചാലക്കുടി ടൗൺഹാളിന് സമീപത്ത് വച്ചാണ് സംഭവം. മാള പൂപ്പത്തി സ്വദേശി ബിനോജ് പോളിനെ, 'ഒലീവിയ ഗ്രാമിൻ ക്രെഡിറ്റ്' സ്ഥാപനത്തിൽ പണയം വെച്ചിരുന്ന 28 ഗ്രാം സ്വർണം പണം നൽകിയാൽ തിരിച്ചെടുത്ത് വിൽക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി ₹3,21,000 കൈപ്പറ്റിയത്. തുടർന്ന് സ്വർണത്തിന് പകരം സ്വർണനിറമുള്ള മുക്കുപണ്ടത്തിന്റെ മാലയും കൈച്ചെയിനും നൽകി പണവുമായി കടന്നുകളയുകയായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ജ്വല്ലറികളെയും ഫിനാൻസ് സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് സമാനരീതിയിൽ തട്ടിപ്പും മോഷണവും നടത്തിയിട്ടുള്ള ഇല്യാസ് സംസ്ഥാനത്താകെ ഇരുപതോളം കേസുകളിൽ പ്രതിയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ട്.
മൂവാറ്റുപുഴയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടവുമായി എത്തിയ ഇല്യാസിനെ സ്ഥാപന ഉടമ തിരിച്ചറിഞ്ഞ് സുഹൃത്തുക്കളുടെ സഹായത്തോടെ പിടികൂടി ചാലക്കുടി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ചാലക്കുടി, വലപ്പാട്, മാള, തൃശ്ശൂർ ഈസ്റ്റ്, എറണാകുളം, അങ്കമാലി, കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധികളിലായി 18 തട്ടിപ്പ് കേസുകളും രണ്ട് മോഷണക്കേസുകളും ഉൾപ്പെടെ ഇരുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ചാലക്കുടി എസ്.എച്ച്.ഒ. ശശികുമാർ, എസ്.ഐ. വിശാഖ്, എ.എസ്.ഐ. രജനി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Leave A Comment