ദേശീയം

CBSE ത്രിഭാഷാ നയത്തിൽ ഇളവ്; നിലവിലെ പത്താം ക്ലാസുകാർക്ക് ബാധകമല്ല

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ ത്രിഭാഷാ നയത്തിൽ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ആശ്വാസമേകുന്ന നിർണായക ഇളവുകളുമായി സി.ബി.എസ്.ഇ പുതിയ മാർഗരേഖ പുറത്തിറക്കി.

നിലവിലെ (2026-27) അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പുതിയ ത്രിഭാഷാ നയത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഇവർക്ക് നിലവിലുള്ളതുപോലെ രണ്ട് ഭാഷകൾ മാത്രം പഠിച്ചാൽ മതിയെന്ന് ബോർഡ് വ്യക്തമാക്കി.

നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതേണ്ടതില്ല. മൂന്നാം ഭാഷയുടെ മൂല്യനിർണയം സ്കൂൾ തലത്തിൽ മാത്രം നടത്തും.

ഇതിനകം ഇംഗ്ലീഷും ഫ്രഞ്ചും പോലുള്ള രണ്ട് വിദേശഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനൊപ്പം ഒരു ഇന്ത്യൻ പ്രാദേശിക ഭാഷ (ഭാരതീയ ഭാഷ) കൂടി അധികമായി പഠിക്കേണ്ടതുണ്ടാകും.

അതേസമയം, 2026-27 അധ്യയന വർഷത്തിൽ ആറാം ക്ലാസിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കാണ് പുതിയ ത്രിഭാഷാ നയം പൂർണമായി ബാധകമാകുക. ഇവർ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. ഇവർ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്കും ബോർഡ് പരീക്ഷ എഴുതേണ്ടിവരും.

ഒമ്പതാം ക്ലാസുകാർക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിയുള്ള മുൻ സർകുലർ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്ന ഈ ഭേദഗതികൾ സി.ബി.എസ്.ഇ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Comment