ക്രൈം

അമ്മ മരിച്ചതിന് പിന്നാലെ മകളെ പീഡിപ്പിച്ച് അച്ഛന്‍; കേസെടുത്ത് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനാറ് വയസുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലം ജില്ലയിലെ സ്‌കൂളിലായിരുന്നു വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. വിദേശത്തായിരുന്നു പെണ്‍കുട്ടിയും അമ്മയും അച്ഛനും താമസിച്ചിരുന്നത്. വിദേശത്തുവെച്ച് അമ്മ രോഗം ബാധിച്ച് മരിച്ചു. ഇതിന് ശേഷം പിതാവ് പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്. ആ സമയം കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. നാട്ടില്‍ എത്തിയ ശേഷവും പിതാവ് പീഡിപ്പിച്ചതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. 49കാരനാണ് കേസിലെ പ്രതി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

പത്തനംതിട്ടയില്‍ നിന്ന് മറ്റൊരു പീഡന വാര്‍ത്തയും പുറത്തുവന്നിരുന്നു. പതിമൂന്നുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായായിരുന്നു പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയായിരുന്നു പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും പീഡിപ്പിച്ചതായായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Leave A Comment