സ്കൂട്ടറിൽ 15 ലിറ്റർ വിദേശമദ്യം കടത്തിയയാൾ അറസ്റ്റിൽ
കൊടകര: വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന 15 ലിറ്റർ അനധികൃത വിദേശമദ്യവുമായി ഒരാളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര കിണർദേശം കൊപ്രകളം ഞാറേക്കാടൻ വീട്ടിൽ പ്രകാശൻ (62) ആണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ 12.20-ഓടെ കൊടകര–ആമ്പല്ലൂർ ദേശീയപാതയിലെ ഉളുമ്പത്തുകുന്ന് യു-ടേണിന് സമീപം സർവീസ് റോഡിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്. സ്കൂട്ടർ നിർത്തിയിട്ടിരുന്ന പ്രകാശന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ പ്ലാസ്റ്റിക് സഞ്ചികളിലായി സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 30 കുപ്പികളിലായി ആകെ 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെത്തി. ഇതിൽ 24 കുപ്പി ഹണി ബീ ബ്രാൻഡിയും ആറു കുപ്പി റോയൽ ആംസ് വി.എസ്.ഒ.പി. ബ്രാൻഡിയുമായിരുന്നു. പാലിയേക്കര ബെവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം കൂടുതൽ വിലയ്ക്ക് വിൽക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊടകര എസ്.എച്ച്.ഒ. ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ് ഇ.എ., പ്രദീപ്, എ.എസ്.ഐമാരായ വിനോദ്, ഷിജു, സി.പി.ഒ.മാരായ ദിലീപ് കുമാർ, സഹദ്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave A Comment