കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
കയ്പമംഗലം: കുട്ടികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി പള്ളത്ത് വീട്ടിൽ ഗൗതം (26) ആണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് ചെറിയ ഡപ്പികളിലായി സൂക്ഷിച്ചിരുന്ന 7.7 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെത്തി പിടിച്ചെടുത്തത്.
പ്രതിക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്ക് ഉൾപ്പെടെ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചെന്ന കുറ്റത്തിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്, ജി.എസ്.ഐ വിപിൻ, ജി.എ.എസ്.ഐ വിപിൻദാസ്, എസ്.സി.പി.ഒമാരായ പ്രിയ, സുനിൽകുമാർ, തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രദീപ് സി.ആർ, ജി.എ.എസ്.ഐ ലിജു ഇയ്യാനി, സി.പി.ഒമാരായ സുർജിത്ത് സാഗർ, നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് മയക്കുമരുന്ന് പിടിച്ചെടുത്തത്.
Leave A Comment