ക്രൈം

6 കിലോ കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

ആളൂർ: കൊറിയർ, പാർസൽ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയ സംഘത്തിന് 6 കിലോ 50 ഗ്രാം കഞ്ചാവ് അയച്ചുനൽകിയ കേസിലെ മുഖ്യപ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കൽ വീട്ടിൽ അലൻ മാത്യു (25) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2026 ജനുവരി 24-ന് കൊമ്പിടിഞ്ഞാമാക്കലിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6 കിലോ 50 ഗ്രാം കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ ആളൂർ പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടിയിലാകാതിരിക്കാൻ വെർച്വൽ നമ്പറുകൾ ഉപയോഗിച്ച് ബന്ധപ്പെടുകയും കൊറിയർ മുഖേന കഞ്ചാവ് എത്തിച്ചുനൽകുകയും ചെയ്തിരുന്നത് അലൻ മാത്യുവാണെന്ന് പോലീസ് കണ്ടെത്തിയത്. മാസങ്ങളായി അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പോലീസിന്റെ സഹായത്തോടെ ആളൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുട്ടം, കളമശ്ശേരി, കുളമാവ്, രാജക്കാട്, അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധികളിലായി അടിപിടി, മയക്കുമരുന്ന് ഉപയോഗം, ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിക്കൽ, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി എന്നിവയുൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ അലൻ മാത്യു പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ജി.എ.എസ്.ഐ മിനിമോളിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ലിജോ ആന്റണി, അരുൺ, ഹരികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ആളൂർ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment