ക്ഷേത്ര മോഷണക്കേസിൽ മോഷണമുതൽ വാങ്ങിയ മാള സ്വദേശി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശിവക്ഷേത്രത്തിൽ നിന്ന് ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന പൂജാസാധനങ്ങളും മറ്റ് മുതലുകളും മോഷ്ടിച്ച കേസിൽ, മോഷണമുതൽ അമിതലാഭത്തിനായി വാങ്ങി സൂക്ഷിച്ചയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
മാള കുരുവിലശ്ശേരി വില്ലേജ് കോട്ടമുറി സ്വദേശിയായ തെക്കുവീട്ടിൽ അലി (82) ആണ് അറസ്റ്റിലായത്.
ജൂലൈ 20-ന് രാത്രി 7.30-നും ജൂലൈ 21-ന് രാവിലെ 5.30-നും ഇടയിലുള്ള സമയത്താണ് ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മോഷണം നടന്നത്. ഉപദേവതകളുടെയും ശ്രീകോവിലിന്റെയും മുന്നിലുണ്ടായിരുന്ന ഓടിന്റെ നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, കിണ്ടി, താമ്പാളങ്ങൾ, ധൂമക്കുറ്റി, കൊടിവിളക്ക്, ചെമ്പുകുടം, ചെമ്പുതകലം തുടങ്ങിയ പൂജാസാധനങ്ങളാണ് മോഷ്ടിച്ചത്.
കേസിൽ തമിഴ്നാട് മധുര തിരുമംഗലം ഹംസപുരം വില്ലേജ് സ്വദേശിയായ സെൽവകുമാർ (41) നേരത്തെ അറസ്റ്റിലായി റിമാൻഡിലായിരുന്നു. സെൽവകുമാറിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാളയിലെ അലിയുടെ ആക്രിക്കടയിൽ നിന്ന് മോഷണമുതൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അലിയെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി പ്രമോദിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അതുൽ മോഹൻ, ജാക്സൺ, ജിഎസ്‌സിപിഒമാരായ മിഥുൻ കൃഷ്ണ, ഷമീർ, അനുരാജ്, അബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Leave A Comment