മരണവീട്ടിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
കൊടകര: സഹോദരീഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും വിധിച്ചു. കൊടകര തേശ്ശേരി സ്വദേശി ഏനാശ്ശേരി വീട്ടിൽ ഗോപാലകൃഷ്ണൻ (58) ആണ് ശിക്ഷിക്കപ്പെട്ടത്. കൊടകര മരത്താംപിള്ളി സ്വദേശി ചെമ്പാട്ട് വീട്ടിൽ രാജനെ കൊലപ്പെടുത്തിയ കേസിലാണ് തൃശ്ശൂർ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷ വിധിച്ചത്.
പിഴത്തുക മരിച്ച രാജന്റെ ഭാര്യക്കും മകനും നൽകണമെന്നും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2017 മാർച്ച് 15-ന് അർധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം മാതാവിന്റെ മൃതദേഹത്തിനരികിലിരുന്ന് സഹോദരിമാരെക്കുറിച്ച് പ്രതി ആവർത്തിച്ച് അപവാദം പറഞ്ഞത് രാജൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് വീട്ടിൽ നിന്ന് കത്തിയെടുത്ത് രാജനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.
ബന്ധുവിന്റെയും രാജന്റെ മകന്റെയും ദൃക്സാക്ഷി മൊഴികൾ കേസിൽ നിർണായക തെളിവായി. അന്നത്തെ കൊടകര സി.ഐ. കെ. സുമേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എസ്.ഐ. എം.സി. ഗോപി, എസ്.സി.പി.ഒ. സനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോളിന്റെ നേതൃത്വത്തിലാണ് പ്രോസിക്യൂഷൻ ഹാജരായത്. അഡ്വ. എൻ.എം. അശ്വതി, ആർ. പ്രവീണ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എസ്.സി.പി.ഒ. ടി.എസ്. സുരേഷ് നടപടികൾ ഏകോപിപ്പിച്ചു.
വിധി പറയാനിരുന്ന ദിവസം കോടതിയിൽ ഹാജരാകാതെ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കൊടകര എസ്.എച്ച്.ഒ. ജർലിൻ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. തുടർന്ന് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചു.
Leave A Comment