ക്രൈം

വെള്ളമെടുക്കാൻ എന്ന പേരിൽ വീട്ടിൽ എത്തി, പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ആറുവർഷം കഠിനതടവ്

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ആറു വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. കർണാടകയിലെ കോളാർ ജില്ലയിലെ മാരിക്കപ്പം ബംഗാരപ്പേട്ട സ്വദേശിയായ പാർത്ഥസാരഥി (48)യെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി മഞ്ജിത്ത് ടി ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.

2025 ജനുവരി 28-ന് രാത്രി ഏഴുമണിയോടെ അതിജീവിതയുടെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരാനെന്ന പേരിൽ എത്തിയ പ്രതി, വെള്ളം കോരി നൽകിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. വീട്ടുകാരുടെ പരാതിയിൽ കീഴ്‌വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

സബ് ഇൻസ്പെക്ടർ സതീഷ് ശേഖറിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Leave A Comment