ക്രൈം

കൊടുങ്ങല്ലൂരിൽ സ്ത്രീയുടെ കൈപിടിച്ച് തിരിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ കൈപിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. അഴീക്കോട് മേനോൻ ബസാർ സ്വദേശി തേക്കിൻവീട്ടിൽ വിഷ്ണു (29) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്.

കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി തിയറ്ററിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം. മേത്തല അഞ്ചപ്പാലം സ്വദേശിനിയുടെ കൈപിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ച ശേഷം, ഇവരുടെ കൈവശമുണ്ടായിരുന്ന ഭർത്താവിന്റെ 12,000 രൂപ വിലവരുന്ന സാംസങ് A05 മൊബൈൽ ഫോൺ പ്രതി പിടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

കൊടുങ്ങല്ലൂർ, വലപ്പാട്, കാട്ടൂർ, നെടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസ്, ഒരു വധശ്രമക്കേസ്, മൂന്ന് മോഷണക്കേസുകൾ, മൂന്ന് അടിപിടിക്കേസുകൾ, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസ് എന്നിവയുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണുവെന്ന് പോലീസ് അറിയിച്ചു.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ അതുൽ മോഹനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave A Comment