ക്രൈം

പൊയ്യ ഷാപ്പിൽ വാക്കത്തികൊണ്ട് വെട്ടി; യുവാവിന് ഗുരുതര പരിക്ക്, പ്രതി കസ്റ്റഡിയിൽ

മാള: മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. പൊയ്യ സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ ബിനീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊയ്യ ഷാപ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

ഷാപ്പിലിരിക്കുകയായിരുന്ന ആനാപ്പുഴ സ്വദേശി വലിയപറമ്പിൽ വീട്ടിൽ ഷൈജുവിനെ ബിനീഷ് ഷാപ്പിലെത്തി വെല്ലുവിളിക്കുകയും തുടർന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നീട് ഇത് സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെ ഷൈജു കൈവശമുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ബിനീഷിനെ വെട്ടുകയായിരുന്നു.

വെട്ടേറ്റ ബിനീഷിന്റെ വലതുകൈ ഗുരുതരമായി പരിക്കേറ്റ് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് മാള സബ് ഇൻസ്പെക്ടർ കെ.ആർ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഷൈജുവിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ ബിനീഷിനെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഷൈജുവിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ ബിനീഷ് കാപ്പാ കേസ് പ്രതിയാണ്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave A Comment