ക്രൈം

നാട്ടികയില്‍ മീന്‍ പിടിത്തത്തിന്റെ മറവില്‍ കഞ്ചാവും മാരകായുധങ്ങളും പിടികൂടി

തൃശൂര്‍: നാട്ടികയില്‍ മീന്‍ പിടിത്തത്തിന്റെ മറവില്‍ 6.650 കിലോ ഗ്രാം ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. കഞ്ചാവ് എത്തിച്ച് നല്‍കിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും സ്റ്റേഷന്‍ റൗഡിയുമായ വലപ്പാട് പണിക്കവീട്ടില്‍ മുഹമ്മദ് ഷെജി (30) യാണ് അറസ്റ്റിലായത്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.മീന്‍പിടിക്കാനെന്ന വ്യാജേന കഞ്ചാവ് വില്‍പന നടത്തിവന്ന ഒന്നാം പ്രതിയായ നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടില്‍ വിഷ്ണു (37) വിനെ കഴിഞ്ഞ 9 ന് അറസ്റ്റ് ചെയ്തിരുന്നു.

വില്‍പ്പനയ്ക്കുള്ള കഞ്ചാവ് എത്തിച്ചു നല്‍കിയത് മുഹമ്മദ് ഷെജിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചായപ്പൊടി കച്ചവടത്തിന്റെ മറവില്‍ ഇടുക്കിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയാണ് വിഷ്ണുവിന് മുഹമ്മദ് ഷെജി കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന മുഹമ്മദ് ഷെജിയെ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.

Leave A Comment