ജില്ലാ വാർത്ത

ഉച്ച ഭക്ഷണം പാഴാക്കിയാല്‍ 100 രൂപ പിഴ, നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തില്‍

വടക്കാഞ്ചേരി: ഉച്ചഭക്ഷണം പാഴാക്കുന്ന സംബന്ധിച്ച വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു.   ജീവനക്കാര്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് കണ്ടാല്‍ ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്. 

ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി വിഴുങ്ങാന്‍ സാധിക്കാത്തവ മാത്രമേ ബിന്നില്‍ ഉപേക്ഷിക്കാവൂവെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു.



കഴിക്കുവാന്‍ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ല. ഓഫീസില്‍ മാത്രമല്ല വീട്ടിലും ഈ നിര്‍ദ്ദേശം പാലിക്കുന്നതിന് ശ്രദ്ധേിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ ഭക്ഷണം പാഴാക്കി കളയുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഉത്തരവ് എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിശദമാക്കുന്നത്. 

ഏപ്രില്‍ 13നാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. എല്ലാ ജീവനക്കാര്‍ക്കുമായുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത് നഗരസഭാ സെക്രട്ടറി കെ കെ മനോജാണ്. ഉത്തരവ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വ്യാപക ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. 

അതേസമയം വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷ കൌൺസിലർമാർ പരാതി നൽകിയിട്ടുണ്ട്.

Leave A Comment