ജില്ലാ വാർത്ത

തിരുവൈരാണിക്കുളം നടതുറപ്പുത്സവം നാളെ സമാപിക്കും

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതീദേവിയുടെ നടതുറപ്പുത്സവം തിങ്കളാഴ്ച സമാപിക്കും. ഉത്സവത്തിന്റെ അവസാന ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്.

തിരക്കുണ്ടെങ്കിലും ക്ഷേത്രട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള വിപുലമായ സംവിധാനങ്ങൾ ദർശനത്തിന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നില്ല. വലിയ ജനപ്രവാഹമുണ്ടായ അവധി ദിനങ്ങളിൽ പോലും നാല് ക്യൂ പന്തലുകളിൽ രണ്ടെണ്ണത്തിൽ മാത്രമായി ആളുകളെ ഒതുക്കി നിർത്താനായി. പോലീസും സെക്യൂരിറ്റി ഗാർഡുകളും ക്ഷേത്ര വൊളന്റിയർമാരും കൃത്യമായ നിരീക്ഷണത്തിലൂടെ അപ്പപ്പോൾ ക്രമീകരണങ്ങൾ നടത്തിവരുന്നതാണ് നീണ്ടനിര ഒഴിവാക്കുന്നത്. ശ്രീമൂലം പാലം കടന്ന് തീർഥാടകരുടെ വാഹനങ്ങൾ ക്ഷേത്രപരിധിയിൽ പ്രവേശിക്കുന്നതു മുതൽ സി.സി.ടി.വി. ക്യാമറകളിലൂടെ ക്ഷേത്ര ട്രസ്റ്റിന്റെ കൺട്രോൾ റൂം നിരീക്ഷണത്തിൽ വരും. തിരക്ക് നിരീക്ഷിച്ച് വയർലസ് ഫോൺ സന്ദേശം നൽകി അപ്പപ്പോൾ പരിഹരിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള മുന്നൂറോളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും 100 വനിതാ സി.പി.ഒ. മാരടക്കം 270 പോലീസ് സേനാംഗങ്ങളും ഈ സംവിധാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ 450 വൊളന്റിയർമാരാണ് സേവനത്തിനുള്ളത്.

ക്യൂവിൽ നിൽക്കുന്നവർക്ക് കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നുണ്ട്. ക്യൂ ഗ്രൗണ്ടുകളിലാണ് വഴിപാടുകൾക്കുള്ള കൗണ്ടറുകൾ എന്നതിനാൽ മറ്റൊരു കാത്തുനിൽപ്പ് ഒഴിവാകും. ഭക്തരിൽ നല്ലൊരു പങ്ക് വെർച്വൽ ക്യൂ വഴി ദർശന സമയം മുൻകൂട്ടി ബുക്ക് ചെയ്തുവന്നതിനാൽ മുൻകാലങ്ങളിലെ പോലെയുള്ള തിക്കും തിരക്കും ഒഴിവായി. ഉത്സവത്തിന്റെ 12 ദിവസവും വെർച്വൽ ക്യൂ ടൈം സ്ലോട്ടുകൾ ഏറെക്കുറെ പൂർണമായും ബുക്ക് ആയിരുന്നു. വെർച്വൽ ക്യൂ ബുക്ക് ചെയ്തു വരുന്നവർക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ഗ്രൗണ്ടുകളിൽ പാർക്കിങ്ങും മുൻകൂട്ടി ബുക്ക് ചെയ്യാൻ സംവിധാനം ഒരുക്കിയിരുന്നതിനാൽ വലിയ വാഹനങ്ങൾ എത്തുന്ന മുറയ്ക്ക് പാർക്ക് ചെയ്യാൻ കഴിഞ്ഞു.

Leave A Comment