പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യ മേള
പറവൂർ : ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് നാലാം വാർഷികത്തോടനുബന്ധിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മേള ഉദ്ഘാടനം ചെയ്തു.
മേളയോടനുബന്ധിച്ച് വടക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ മുനമ്പം ഡിവൈഎസ്പി എം.കെ മുരളി ഫ്ലാഗ് ഓഫ് ചെയ്തു. മാല്യങ്കര എസ്.എൻ.എം കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും എറണാകുളം ലിസി നഴ്സിംഗ് വിദ്യാർഥികളുടെയും ഫ്ലാഷ് മോബ് റാലിക്ക് ആവേശമായി.
ഏഴിക്കര, കോട്ടുവള്ളി, വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, പാലിയേറ്റീവ് പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, രക്ഷിത് സേന അംഗങ്ങൾ, സാക്ഷരത പ്രവർത്തകർ, ഗ്രീൻ ആർമി പ്രവർത്തകർ എന്നിവർ വിളംബര ജാഥയുടെ ഭാഗമായി.
ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന 21 സ്റ്റാളുകൾ മേളയിൽ പങ്കെടുത്തു. ആർദ്രം അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ഡോ. സി. രോഹിണി കാലാവസ്ഥ വ്യതിയാനവും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. എക്സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസർ ടി. എക്സ്. ജസ്റ്റിൻ വിമുക്തി ലഹരിവിരുദ്ധ ക്ലാസ്സ് എടുത്തു. തുടർന്ന് പറവൂർ വിവേകാനന്ദ കേന്ദ്രം യോഗാചാരി സുധാകർജി അവതരിപ്പിച്ച യോഗ ക്ലാസ്സ്, എക്സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫിസർ ജയരാജ് ആലപ്പുഴ അവതരിപ്പിച്ച ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഓട്ടൻതുള്ളൽ എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറി.
വടക്കേക്കര സർവീസ് സഹകരണ ബാങ്ക് സഹകരണ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് സനീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, കെ.എസ്. ഷാജി, കെ.ഡി. വിൻസന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബബിത ദിലീപ്, ഗാന അനൂപ്, സുരേഷ് ബാബു, സി.എം രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ, വിവിധ ആരോഗ്യ സേവനങ്ങൾ എന്നിവയെപ്പറ്റി പൊതുസമൂഹത്തിൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തൊട്ടാകെ റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യ മേളകൾ സംഘടിപ്പിക്കുന്നത്.
Leave A Comment