ജില്ലാ പഞ്ചായത്തിനു റോഡ് പണിക്കുള്ള തുക വെട്ടിക്കുറച്ചത് പ്രതിഷേധാർഹമെന്ന്
തൃശൂർ: പദ്ധതി തുക വിനിയോഗത്തിൽ സംസ്ഥാനത്ത് അവസാന സ്ഥാനത്ത് എത്തിയതിനെ തുടർന്നു നഷ്ടമായ തുകയ്ക്കു പുറമെ ഈ വർഷത്തെ റോഡ് മെയിന്റനൻസ് തുകയിൽ 14 കോടി രൂപ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നു ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്.
കഴിഞ്ഞ വർഷം 17 കോടി അവനുദിച്ചപ്പോൾ ഇൗ വർഷം മൂന്നുകോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞവർഷത്തെ 8.5 കോടി രൂപയുടെ പദ്ധതി പൂർത്തീകരിക്കാനുണ്ട്. ഇതുകൂടി കണ്ടെത്തണമെന്നിരിക്കെ 25.5 കോടി രൂപ അനുവദിക്കേണ്ടതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെയുള്ള പദ്ധതിയുടെ 63.14 ശതമാനം തുക മാത്രമാണു ചെലവഴിക്കാനായത്.
കഴിഞ്ഞ ബജറ്റിൽ 550 ൽ പരം പദ്ധതികളിലായി ഏകദേശം 71.25 കോടി രൂപ മാർച്ച് 31 ന് മുൻപായി ചെലവഴിക്കാൻ സാധിച്ചില്ല. 80 ശതമാനം തുക ചെലവഴിച്ചാലാണു ബാക്കി 20 ശതമാനം സ്പിൽ ഓവർ തുകയായി അടുത്ത സാമ്പത്തിക വർഷം സർക്കാർ അനുവദിക്കാറുള്ളത്. 16.86 ശതമാനം തുക കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടപ്പെട്ടു. ഇതിനുപുറമെ പട്ടിക ജാതി, പട്ടികവർഗ പദ്ധതിക്കായി നീക്കിവച്ച തുകയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെലവഴിക്കാനാവാത്ത 14.5 കോടി രൂപ ഈ വർഷത്തെ ജനറൽ ഫണ്ടിൽനിന്നു കുറവ് ചെയ്യുമെന്ന നിബന്ധനകൂടിയാകുമ്പോൾ ഫണ്ടിൽ കാര്യമായ കുറവു സംഭവിക്കും. ഇത് വികസന പ്രവർത്തനത്തെ സാരമായി ബാധിക്കും. അനുവദിച്ച തുക ചെലവഴിക്കാതിരിക്കാനുള്ള മനഃപൂർവമായ നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നതാണു പദ്ധതി വിനിയോഗത്തിൽ കാര്യമായ കുറവ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്ററി പാർട്ടി ഉപനേതാവ് അഡ്വ. വി.എം. മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജിമ്മി ചൂണ്ടൽ, ലീല സുബ്രമണ്യൻ, ശോഭന ഗോകുലനാഥ് എന്നിവർ പ്രസംഗിച്ചു.

Leave A Comment