ജില്ലാ വാർത്ത

'മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് മോദി ഗ്യാരണ്ടി', പ്രധാനമന്ത്രിക്കെതിരെ 'കത്തോലിക്ക സഭ'

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ മുഖപത്രം. മണിപ്പൂരിന്‍റെ വേദനയ്ക്ക് പരിഹാരം കാണാതെ തൃശൂരിൽ വന്ന് വികസനങ്ങളുടെ ഗ്യാരണ്ടി പ്രധാനമന്ത്രി പ്രസംഗിച്ചെന്നാണ് വിമർശനം. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യുടെ ഫെബ്രുവരി ലക്കത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് 'മോദി ഗ്യാരണ്ടി' എന്ന തലക്കെട്ടിലാണ് ലേഖനം. കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ഒരേ ഒരു ലക്ഷ്യത്തോടെ പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുകയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്‍റെ ഗ്യാരണ്ടിയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

കുക്കി വംശജരായ ക്രൈസ്തവരെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നതിനെ വിസ്മരിച്ചാണ് വലിയ ഉറപ്പുകളുമായി പ്രധാനമന്ത്രി എത്തിയതെന്നും വിമര്‍ശനമുണ്ട്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന മോദിയുടെ ഗ്യാരണ്ടിയെക്കുറിച്ച് ഒരു ബി ജെ പി ക്കാരനും മിണ്ടുന്നില്ലെന്നും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്. തൃശൂരില്‍ സ്ത്രീ ശക്തി സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞത്. മോദിയുടെ ഗ്യാരണ്ടിയെന്ന് മലയാളത്തില്‍ ഓരോ തവണയും പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം.

Leave A Comment