ജില്ലാ വാർത്ത

മലയാറ്റൂരില്‍ പൊട്ടക്കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു

കൊച്ചി: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്താനായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ച് വഴിയുണ്ടാക്കിയാണ് ആനയെ പുറത്തെത്തിച്ചത്.

ഇന്ന് വെളുപ്പിനാണ് 2 വയസ്സോളം പ്രായമുള്ള കുട്ടിയാന മലയാറ്റൂര്‍ ഇല്ലിത്തോടുള്ള റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണത്.   കിണറിന് സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്  പ്രദേശത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. 

ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടാനക്കൂട്ടത്തെ കിണറിനടുത്ത് നിന്നും തുരത്തിയതിന്  ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 12 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിച്ചാണ് ആനക്കുട്ടിയ്ക്ക് പുറത്തേയ്ക്കുള്ള വഴി ഒരുക്കിയത്. വനം വകുപ്പിന്റെ ആര്‍ആര്‍ടി വിഭാഗമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ കിണറിൻ്റെ വശമിടിച്ച് കുട്ടിയാനയ്ക്ക് കരകയറാനുള്ള വഴിയൊരുക്കിയത്. പുറത്തെത്തിയ ആനക്കുട്ടി നേരെ കാട്ടിലേയ്ക്ക് ഓടിപ്പോയി. ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.

Leave A Comment