ജില്ലാ വാർത്ത

മഴക്കാല മുന്നൊരുക്കം; മന്ത്രി ഒ.ജെ ജനീഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തൃശൂർ: ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി യുവജനക്ഷേമം-കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദേശീയപാത 544, 66 എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണെന്ന് ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളക്കെട്ട്, ഗതാഗതക്കുരുക്കുണ്ടാക്കുന്ന യു ടേണ്‍, കാല്‍നടയാത്രക്കാരുടെ പ്രശ്‌നങ്ങള്‍, റോഡ് മുറിച്ച് കടക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ട്, മതിയായ സിഗ്‌നല്‍ ബോര്‍ഡുകളുടെ അഭാവം, വെളിച്ചക്കുറവ് എന്നിവ അടിയന്തരമായി പരിഹരിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

കൊരട്ടി, ചിറങ്ങര, മുരിങ്ങൂര്‍ എന്നിവിടങ്ങളില്‍ നിരപ്പില്ലാതെ സ്ലാബുകള്‍ സ്ഥാപിച്ചത്മൂലം അപകങ്ങള്‍ ഉണ്ടാകുന്നുണ്ടന്നും ഇതിന് ഉടനടി പരിഹാരം കാണണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പോരായ്മകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. പൊലീസും ആര്‍ടിഒയും എന്‍.എച്ച്.എ.ഐയും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. 

ദേശീയപാതാ നിര്‍മാണം നടക്കുന്ന മേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ നിര്‍മ്മാണത്തിനായി ചേറ്റുവ പുഴയില്‍ നിന്ന് മണലെടുത്തെങ്കിലും ചെളി നീക്കിയിട്ടില്ല. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് റോഡുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല എന്നുള്ള പരാതിയും യോഗത്തില്‍ ഉയര്‍ന്നു. പൊരിങ്ങല്‍കുത്ത് ഡാമിലെ വെള്ളം ക്രമീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.


തൃശ്ശൂര്‍ കളക്ടറേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ. രാജന്‍, സനീഷ്‌കുമാര്‍ ജോസഫ്, എന്‍.കെ അക്ബര്‍, കെ.കെ വല്‍സരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍, അസി. കളക്ടര്‍ എ.സി പ്രീതി, തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ദേശീയപാതാ അതോറിട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment