ജില്ലാ വാർത്ത

അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മാള: അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് മൂന്ന് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ (റേബീസ്) സ്ഥിരീകരിച്ചു. മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ചത്ത നായയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് മാള  പഞ്ചായത്തിലെ അണ്ണല്ലൂർ ജൂബിലി നഗർ പ്രദേശത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് പേരെ തെരുവ് നായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും റേബീസ് പ്രതിരോധ കുത്തിവയ്പ്പും നൽകി.

ആക്രമണത്തിന് പിന്നാലെ പിടികൂടി മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ നായ പിന്നീട് ചത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനും റേബീസ് പരിശോധനയ്ക്കുമായി നായയുടെ ശരീരാവശിഷ്ടങ്ങൾ മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ വെറ്ററിനറി പാത്തോളജി വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു.

പരിശോധനാ റിപ്പോർട്ടിൽ നായ അത്യന്തം ക്ഷീണിതാവസ്ഥയിലായിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും ത്വക്ക് രോഗബാധയുടെ ലക്ഷണങ്ങളും കണ്ടെത്തിയതായും വ്യക്തമാക്കുന്നു. കൂടാതെ ശ്വാസകോശം, സ്പ്ലീൻ, കരൾ എന്നിവയിലും രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് നടത്തിയ ഡയറക്ട് ഫ്ലൂറസെന്റ് ആന്റിബോഡി ടെസ്റ്റിൽ (DFAT) റേബീസ് വൈറസിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന പ്രത്യേക ഫ്ലൂറസെൻസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനാ ഫലത്തിൽ "പോസിറ്റീവ് ഫോർ റേബീസ്" എന്ന് രേഖപ്പെടുത്തുകയായിരുന്നു.

റിപ്പോർട്ട് പുറത്തുവന്നതോടെ നായയുടെ ആക്രമണത്തിനിരയായവർ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും കൃത്യമായി തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം സംബന്ധിച്ച ആശങ്കയും ശക്തമായിട്ടുണ്ട്.

Leave A Comment