കുഴിയും ചെളിയും നിറഞ്ഞ് ചായ്പൻകുഴി റോഡ്; യാത്ര ദുരിതത്തിൽ
കോടശേരി: ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള കുറ്റിച്ചിറ–ചായ്പൻകുഴി റോഡിൽ ഏകദേശം 300 മീറ്റർ ദൂരത്തിൽ കുഴികളും ചെളിയും നിറഞ്ഞതോടെ യാത്ര ദുരിതപൂർണമായി. ബൈക്ക്, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള സമാന്തര പാതയായ ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളും നൂറിലധികം ബസ് സർവീസുകളും കടന്നുപോകുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമായിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ ജില്ലാപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് പരിയാരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം. ജോസ് ആവശ്യപ്പെട്ടു.
ചാലക്കുടി മുതൽ കേരള–തമിഴ്നാട് അതിർത്തിയായ മലക്കപ്പാറ വരെ 92 കിലോമീറ്റർ ദൂരത്തിൽ 2.6 കിലോമീറ്റർ ഭാഗം മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലല്ലാത്തത്. മുൻ സർക്കാരിന്റെ കാലത്ത് ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് റോഡ് കൈമാറാൻ തീരുമാനിച്ചിരുന്നെങ്കിലും അന്നത്തെ സർക്കാർ നയം മൂലം അത് നടപ്പായില്ല.
നിലവിലെ സാഹചര്യത്തിൽ സർക്കാർ നയത്തിൽ മാറ്റം വരുത്തി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനായി മന്ത്രിസഭ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും കെ.എം. ജോസ് അറിയിച്ചു.
Leave A Comment