ജില്ലാ വാർത്ത

യുവാവും യുവതിയും മരിച്ച വാഹനാപകടത്തിൽ നിർണായക വഴിത്തിരിവ്

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും മരിച്ച വാഹനാപകടത്തിൽ നിർണായക വഴിത്തിരിവ്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ല, പിന്നിൽ നിന്ന് കാർ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാർ ഓടിച്ച മലയിൻകീഴ് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അപകടത്തിൽ എറണാകുളം സ്വദേശി നവീൻ സിബിയും തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മനും (25) മരിച്ചു. ഇരുവരും ഐടി ജീവനക്കാരാണ്. നവീന്റെ ജന്മദിനം ആഘോഷിക്കാനായി തിരുവല്ലത്ത് നിന്ന് കോവളത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ആദ്യഘട്ടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നിഗമനം. എന്നാൽ അപകടസ്ഥലത്തെ പരിശോധനയിൽ പൊലീസിന് സംശയം തോന്നിയതിനെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിലാണ് ബൈക്കിനെ പിന്തുടർന്ന് ഒരു കാർ പോകുന്നതായി കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിന്റെ ഉടമ വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ വീട്ടിലെത്തി. വീടിന് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിയുടെ പാടുകൾ കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ചതായും അപകടശേഷം വാഹനം നിർത്താതെ പോയതായും ഇയാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

അപകടത്തിൽ മൃദുല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരും യഥാക്രമം ടെക്‌നോപാർക്കിലെയും കിൻഫ്രയിലെയും ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയായിരുന്നു.

Leave A Comment