വിലകൂടിയ പാദരക്ഷകൾ ലക്ഷ്യമിട്ട് മോഷണം; അന്വേഷണം ഊർജിതം
വടക്കഞ്ചേരി: വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലകൂടിയ പാദരക്ഷകൾ മാത്രം കവർന്ന മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്.
വീടുകളുടെ മതിൽ ചാടിക്കടന്ന് അകത്തുകയറിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. സംഭവത്തിന്റെ വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മാണിക്യപ്പാടം സ്വദേശി ഇബ്രാഹിം ഖലീലിന്റെ വീട്ടിൽ നിന്നാണ് ആദ്യം മോഷണം നടന്നത്. ഇവിടെ നിന്ന് ഒരു ജോഡി ഷൂസും ഒരു ജോഡി ചെരുപ്പുമാണ് നഷ്ടപ്പെട്ടത്. ഇവയ്ക്ക് വിപണിയിൽ ഏകദേശം പതിനായിരം രൂപ വിലവരുമെന്ന് വീട്ടുകാർ പറഞ്ഞു.
ഇതിന് സമീപത്തെ ബഷീറിന്റെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ ഇനം ചെരുപ്പാണ് ഇവിടെ നിന്ന് കവർന്നത്.
മോഷണം നടന്ന വീടുകളുടെ മുന്നിൽ നിരവധി സാധാരണ പാദരക്ഷകൾ ഉണ്ടായിരുന്നെങ്കിലും അവ ഉപേക്ഷിച്ച് വിലകൂടിയ ബ്രാൻഡഡ് പാദരക്ഷകൾ മാത്രം തിരഞ്ഞെടുത്താണ് മോഷ്ടാക്കൾ കൊണ്ടുപോയത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വടക്കഞ്ചേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Leave A Comment