ജില്ലാ വാർത്ത

മദ്യലഹരിയിൽ ബസ് ഓടിച്ചു; ബസ് ഡ്രൈവർ ഇരിഞ്ഞാലക്കുടയിൽ അറസ്റ്റിൽ

ഇരിഞ്ഞാലക്കുട: കൊടുങ്ങല്ലൂർ–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന തോംസൺ ബസിന്റെ ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിച്ചതിന് ഇരിഞ്ഞാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം വില്ലേജ് പനമുക്ക് റൈസ് മിൽ സമീപം കുരുതുകുളങ്ങര വീട്ടിൽ സിജിത്ത് (37) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ 9.05ഓടെ, ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊലീസ് സംഘം നിരീക്ഷണം ശക്തമാക്കി. ഈ സമയത്ത് ബസ് അതിവേഗത്തിലും അശ്രദ്ധമായും ബസ് സ്റ്റാൻഡിലേക്ക് എത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു.

അൽക്കോമീറ്റർ പരിശോധനയിൽ ഡ്രൈവർ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു യാത്രാസൗകര്യത്തിലേക്ക് മാറ്റി. ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും, രക്തസാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.

പ്രതിക്കെതിരെ ഇരിഞ്ഞാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.

ഇരിഞ്ഞാലക്കുട സ്റ്റേഷൻ ഹൗസ് ഓഫീസർ ദിലീഷ് ടി, സബ് ഇൻസ്പെക്ടർ മനോജ് എം.എൻ, ജി.എസ്.ഐ മുഹമ്മദ് റാഷി, സി.പി.ഒ ജോവിൻ ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment