തൃശൂരിൽ മന്ത്രി ഒ ജെ ജനീഷ് അടിയന്തര ദുരന്തനിവാരണ യോഗം ചേർന്നു
തൃശൂർ: തൃശൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ.ജെ. ജനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനും തഹസിൽദാർമാരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും കളക്ടർ നിർദ്ദേശം നൽകി. കൂടാതെ, ഓഗസ്റ്റ് മാസം കഴിയുന്നത് വരെ പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ ഗേറ്റുകളുടെ നിലവിലുള്ള സ്ഥിതി തുടരാനും, ജലനിരപ്പ് പരിശോധിച്ച് സ്ലൂയിസ് ഗേറ്റുകൾ തുറന്നു വയ്ക്കാനും യോഗത്തിൽ തീരുമാനമായി.
തീരദേശത്ത് കടലാക്രമണ ഭീഷണിയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചുവെന്നും ഫീഷറീസ് വകുപ്പ് അറിയിച്ചു.
ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർമാരുടെ യോഗം വിളിച്ച് ജാഗ്രതാനിർദ്ദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ( ആരോഗ്യം) അറിയിച്ചു. ക്യാമ്പുകളിലെ വൈദ്യസഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കി. പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ പൂർണ്ണസജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫിന്റെ 26 അംഗ പ്ലാറ്റൂണും സജ്ജമാണ് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു.
കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളി ചേർന്ന യോഗത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ്, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.എസ്. നസിയ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Leave A Comment