ഓറഞ്ച് അലർട്ട്: തൃശ്ശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൃശ്ശൂർ, ഓഗസ്റ്റ് 3: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2026 ഓഗസ്റ്റ് 4 (ചൊവ്വ) അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം, 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.
അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല. അവധി മൂലം നഷ്ടമാകുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കുട്ടികളെ സമീപത്തേക്ക് വിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Leave A Comment