എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍; ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി
എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പൊലീത്ത വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം - അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്ന് അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആര്‍ച്ചു ബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്.
പൗരസ്ത്യ സഭാനിയമത്തിലെ 234ാം നമ്പര്‍ കാനന്‍ അനുസരിച്ചാണ് സേദെ പ്ലേന (sede plena) അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി നല്‍കിയിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുമ്പോള്‍ത്തന്നെ മാര്‍പാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന എന്നത്. അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാശങ്ങള്‍ നിയമനപത്രത്തില്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ഇതിന് മുമ്പ് ഇപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് 2018ല്‍ നിയമിതനായിരുന്നു.
Leave A Comment