ജില്ലാ വാർത്ത

തൃശ്ശൂരിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂര്‍: വാടാനപ്പള്ളിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് കാലില്‍ ഗുരുതര പരിക്ക്. ഏങ്ങണ്ടിയൂര്‍ സ്വദേശി റെമി രാജിനാണ് പരിക്കേറ്റത്. മോശം റോഡാണ് അപകടകാരണമെന്ന് പരിക്കേറ്റ റെമി രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വാടാനപ്പള്ളി സുല്‍ത്താന്‍ പേട്ടയിലെ റോഡിലെ കുഴിയില്‍ വീണ് റെമിരാജിന് പരിക്കേറ്റത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എടമുട്ടം - ചേറ്റുവാ റോഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനാല്‍ ജലഅതോറിറ്റി കുഴിയെടുത്തിട്ടുണ്ടായിരുന്നു. ഇതൊഴിവാക്കി ബൈക്ക് റോഡിന്‍റെ നടുവിലൂടെയായിരുന്നു സഞ്ചരിച്ചത്. റോഡിൻ്റെ  ഒത്തനടുവിലുണ്ടായിരുന്ന രണ്ട് കുഴികളാണ് റെമിരാജിന് അപകടക്കെണിയൊരുക്കിയത്. നഗരത്തില്‍ തിരക്കായതിനാല്‍ താറുമാറായ റോഡിലൂടെ വണ്ടിയോടിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റെമിരാജ് പറഞ്ഞു

തകര്‍ന്ന് റോഡ് നന്നാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാലിന് ഗുരുതരമായി പരിക്കേറ്റ റെമി രാജ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Leave A Comment