ജില്ലാ വാർത്ത

പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും; കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം തുടരുമെന്നും, ടോൾ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതായും ഹൈക്കോടതി വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ടോൾ പിരിവ് തുടരരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, ടോൾ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ന് ഹർജി പരിഗണിച്ച ഘട്ടത്തിൽ കേന്ദ്രം ഇക്കാര്യത്തിൽ സാവകാശം വേണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഗതാഗത തടസ്സവും റോഡുകളിലെ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ കളക്ടർ കോടതിയെ ധരിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്.

നേരത്തെ, പാലിയേക്കരയിൽ ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് ഹൈക്കോടതി നിരോധിച്ചിരുന്നു. 66 ദിവസമായി പാലിയേക്കരയിൽ ടോൾ പിരിവ് നിരോധിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ടോൾ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിച്ചതിന് ശേഷം മാത്രമേ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കൂ.

Leave A Comment