ജില്ലാ വാർത്ത

മാള അഷ്ടമിച്ചിറയിൽ മൂന്ന് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

മാള: അഷ്ടമിച്ചിറ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നാട്ടുകാരിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്ന തെരുവുനായയെ പഞ്ചായത്ത് ഡോഗ് ക്യാച്ചേഴ്സ് സംഘം പിടികൂടി. നായയെ തുടർനിരീക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ഡോഗ് ഷെൽട്ടറിലേക്ക് മാറ്റി.

നായയ്ക്ക് പേ (റേബീസ്) ബാധയുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലങ്ങൾ ലഭിച്ചശേഷമേ വ്യക്തത ലഭിക്കുകയുള്ളൂ. നായയെ പിടികൂടിയതോടെ പ്രദേശവാസികൾക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയോടെയാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി ഭ്രാന്തൻ നായ മൂന്നു പേരെ ആക്രമിച്ചത് . . അഷ്ടമിച്ചിറ കുരിയെക്കാട് ഭാഗത്ത് നടന്ന സംഭവത്തിൽ വികലാംഗൻ ഉൾപ്പെടെ മൂന്ന് പേർക്ക് നായയുടെ  കടിയേറ്റു. പ്രദേശത്തുകൂടി നടന്ന് പോകുകയായിരുന്നവരെയാണ് നായ ആക്രമിച്ചത്.

ചന്ദ്രൻ (മാപ്രാംപിള്ളി), വേലായുധൻ (ഇളംകുറ്റിയിൽ), ജൂബിലി നഗർ സ്വദേശിനി സ്മിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചന്ദ്രനെ മാള ഗവൺമെന്റ് ആശുപത്രിയിലും വേലായുധനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

Leave A Comment