ആലുവയിൽ പൂട്ടിക്കിടക്കുന്ന മിൽ പരിസരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവ: പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന കാത്തായി കോട്ടൺ മിൽസിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയ്ക്കിടെയാണ് ആറടി വരെ ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. സമീപകാലത്ത് കാട് വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ച സ്ഥലത്തെ വാഴച്ചെടികൾക്കിടയിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ആരാണ് ചെടികൾ നട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ എക്‌സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ ചെടികൾ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നശിപ്പിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബേസിൽ കെ. തോമസ്, പ്രദീപ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
Leave A Comment