കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്
തൃശൂർ: സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും യുക്തിവാദിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.എ.തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം ഈ വർഷം കുരീപ്പുഴ ശ്രീകുമാറിന് നൽകും. പി.എൻ. ഗോപീകൃഷ്ണൻ, ഡോ. സി.എസ്.വെങ്കിടേശ്വരൻ, പ്രൊഫ.കുസുമം ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
20,000 രൂപയും പ്രശസ്തിപത്രവും സ്മൃതി ഫലകവും ഉൾപ്പെടുന്ന പുരസ്കാരം കെ.എ. തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വി.എം.സുധീരൻ, വി.എസ്.അച്ചുതാനന്ദൻ, കെ.അജിത, പെമ്പിളൈ ഒരുമ, മാഗ്ളിൻ ഫിലോമിന, ഡോ.തോമസ് ഐസക്, സണ്ണി എം.കപിക്കാട്, ആനി രാജ, കെ.വേണു, വിമൺ ഇൻ സിനിമ കളക്ടീവ് എന്നിവരാണ് മുൻ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.
തോമസ് മാസ്റ്ററുടെ 15-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാർച്ച് 27ന് 4 മണിക്ക് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവച്ച് കവിയും പ്രഭാഷകനുമായ പി.എൻ.ഗോപീകൃഷ്ണൻ പുരസ്കാരം സമർപ്പിക്കും. വി.ആർ.സുനിൽകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിരൂപകനായ ഡോ. സി.എസ്.വെങ്കിടേശ്വരൻ പുരസ്കാരനേതിനെ പരിചയപെടുത്തും.
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഫൗണ്ടേഷൻ അംഗങ്ങൾക്ക് സ്വീകരണം നൽകും. മരണാനന്തര ശരീരദാന സമ്മതപത്രം നൽകിയവർക്കുള്ള ഡോണർ കാർഡുകളുടെ വിതരണവും നടക്കും.
ജൂറി അംഗങ്ങളായ പി.എൻ.ഗോപീകൃഷ്ണൻ, പ്രൊഫ.കുസുമം ജോസഫ്, ഫൗണ്ടേഷൻ ഭാരവാഹികളായ സി.ആർ.പുരുഷോത്തമൻ, പി.കെ.കിട്ടൻ, ബൈജു മണന്തറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment