പങ്കുവെയ്ക്കപെടാത്ത അധികാരം സമത്വരഹിതമാണ്: കെ പി എം എസ്
ചാലക്കുടി: ഭരണഘടന ദത്തമായ സംവരണത്തിനപ്പുറം പൊതുരംഗത്തുള്ള പട്ടികജാതി- വർഗ്ഗ ജനവിഭാഗങ്ങളിലുള്ളവർക്ക് അർഹമായ അംഗീകാരവും അവസരങ്ങളും നൽകാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്ന് ചാലക്കുടിയിൽ ചേർന്ന കെ പി എം എസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മാത്രമായി പങ്കാളിത്തത്തെ പരിമിതപെടുത്തുകയും അധികാരങ്ങൾ പങ്കു വെയ്ക്കപെടുമ്പോൾ സാമ്പത്തിക -സാമൂഹിക -സാമൂദായിക നില പരിശോധിക്കപ്പെടുന്ന കപട മതേതരത്വവും അതുല്യ നിലപാടും ഉപേക്ഷിച്ച് പട്ടികജാതി ജനവിഭാഗങ്ങളെ അധികാരത്തിൽ പങ്കാളികളാക്കാൻ രാഷ്ട്രീയ അധികാര കേന്ദ്രങ്ങൾ തയ്യാറാവണമെന്നും സഭ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗങ്ങളുടെ ഐക്യം അനിവാര്യമായ കാലഘട്ടത്തിൽ വിവിധ കാലങ്ങളിൽ സംഘടനയിൽ നിന്ന് വിട്ടുപോയവരും ഐക്യപ്പെടാതെ ഒറ്റപ്പെട്ടു നിൽക്കുന്നവരുമായ വിവിധ വിഭാഗങ്ങളെ ചേർത്തുനിർത്തി ഐക്യപ്രവർത്തനങ്ങൾ തുടർന്ന് മുന്നോട്ടു പോകുന്നതിന് സംസ്ഥാന നേതൃത്വത്തിന് കൗൺസിൽ അനുമതി നൽകി.
സംസ്ഥാന പ്രസിഡന്റ് ഡോ: പി. പി. വാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ. എ.തങ്കപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അസി.സെക്രട്ടറി പ്രൊഫ: എം. മോഹൻ, ട്രഷറർ സി.എ. ശിവൻ, പി.വി.രാജു, പി.കെ.രാധാകൃഷ്ണൻ, എൻ.കെ. റെജി, ശോഭ ചിറപ്പാടത്ത്, ശകുന്തള രാജു, ശരത് എന്നിവർ പ്രസംഗിച്ചു.
Leave A Comment