പോക്സോ ഇരകൾ സ്കൂൾ വിദ്യാർഥിനികൾ; പ്രതിയെ അറസ്റ്റ് ചെയ്യാതെ മാള പോലീസ്
മാള: സ്കൂൾ വിദ്യാർഥിനികളായ രണ്ടുപെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് സംരക്ഷണമൊരുക്കി മാള പോലീസ്. പ്രതിക്കെതിരെ കേസ് ചാർജ് ചെയ്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാൻ മാള പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോക്സോ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് മാള പോലീസ് ഒരുക്കുകയാണെന്നാണ് ആക്ഷേപം.
2024ൽ നടന്ന കുറ്റകൃത്യമാണ് രണ്ടു സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം. കുട്ടികളുടെ ബന്ധുവിൽനിന്നുമാണ് അതിക്രമം നേരിട്ടത്. വിവരമറിഞ്ഞ മാതാപിതാക്കൾ ചൈൽഡ് ലൈനിന് പരാതിനല്കി.
തുടർന്നാണ് കേസ് മാള പോലീസിൽ എത്തുന്നത്. കുട്ടികളുടെ മെഡിക്കൽ പരിശോധനയും തുടർന്നുള്ള മൊഴിയെടുക്കലും പോലീസ് പൂർത്തിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരുമാസം പിന്നിട്ടിട്ടും മാള പോലീസ് ഇനിയും തയ്യാറായിട്ടില്ല.
ഇരകളായ കുട്ടികളുടെ ആവർത്തിച്ചുള്ള മൊഴിയെടുക്കൽ മാത്രമാണ് നടക്കുന്നതെന്ന് മാതാപിതാക്കൾ മീഡിയ ടൈമിനോട് പറഞ്ഞു. അതിനിടെ പ്രതിയായ ബന്ധുവിന് മുൻകൂർ ജാമ്യം കിട്ടുന്നതിനുള്ള അവസരവും പോലീസ് ഒരുക്കുന്നുണ്ടെന്ന് നിയമവൃത്തങ്ങളിൽ നിന്ന് സൂചന ലഭിച്ചു.
ഇരകളുടെ മൊഴി, മെഡിക്കൽ റിപ്പോർട്ട്, സാക്ഷിമൊഴികൾ ഇവ ഉറപ്പാക്കിയിട്ടും അറസ്റ്റ് വൈകുന്നത് എന്താണെന്നാണ് ചോദ്യം. അതിനിടെ കേസ് ഒതുക്കി തീർക്കാൻ പോലീസ് തന്നെ ശ്രമിക്കുന്നതായും കേസിലെ പരാതിക്കാരായ മാതാപിതാക്കൾ പറയുന്നു.
മാള പോലീസ് കേസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക് സ്വീകരിക്കുന്നതിൽ മുൻപും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Leave A Comment